
പയ്യന്നൂർ: നഗര മദ്ധ്യത്തിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. സി.ഐ.ടി.യു ഓഫിസ് റോഡരികിൽ അൽഅമീൻ സർജിക്കൽസിന്റെ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്ന ഗോഡൗണിന്റെ രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തി നശിച്ചത്. ശനിയാഴ്ച വൈകീട്ട് 6.45 ഓടെയാണ് തീ പിടുത്തമുണ്ടായത്.
പുക ഉയരുന്നതു കണ്ട സമീപവാസികളാണ് പയ്യന്നൂർ അഗ്നിശമനസേന നിലയത്തിൽ വിവരമറിയിച്ചത്. പയ്യന്നൂരിൽ നിന്ന് രണ്ടു യൂണിറ്റും തൃക്കരിപ്പൂരിൽ നിന്നുള്ള ഒരു യൂണിറ്റുമെത്തി മണിക്കൂറുകൾ സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ ചൂടേറ്റ് മുകളിൽ പതിച്ചിരുന്ന ഇരുമ്പ് ഷീറ്റ് ഉരുകി
താഴേക്ക് വീഴുമെന്നതിനാൽ സേനാംഗങ്ങൾ ഏറെ സാഹസപ്പെട്ടാണ് തീ അണച്ചത്. പയ്യന്നൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.സത്യൻ, പി.കെ.അജിത്കുമാർ, പി.ശ്രീനിവാസൻ, പി.വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പയ്യന്നൂർ പൊലീസും സംഭവസ്ഥലത്തെത്തി. മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻ കരുതലുകളെടുത്തതിനാൽ കൂടുതൽ
ദുരന്തം ഒഴിവായി.
നഗര മദ്ധ്യത്തിൽ സന്ധ്യയോടെയുണ്ടായ അഗ്നിബാധ ടൗണിൽ ഏറെ പരിഭ്രാന്തി പരത്തി.വിവരമറിഞ്ഞ് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. കൂടുതൽ പരിശോധനക്കു ശേഷം മാത്രമെ നഷ്ടം കണക്കാക്കാനാകയുള്ളുവെന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |