SignIn
Kerala Kaumudi Online
Friday, 23 October 2026 4.14 PM IST

കത്തിക്കയറുന്നു ചൂ​ട് കരുതണം തീ പിടിത്തത്തെ

fire

കണ്ണൂരിൽ ഏറ്റവുമധികം തീപിടിത്തം നടന്നത് തളിപ്പറമ്പ് മേഖലയിൽ

കണ്ണൂർ: ജനുവരിയിൽ മാത്രം ജില്ലയിൽ തീപിടിത്തം നടന്നത് 92 ഇടങ്ങളിൽ. കനത്ത വെയിലിൽ വരണ്ട പ്രദേശങ്ങളിലും മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങളിലുമാണ് തീപിടിത്തം കൂടുതലും ഉണ്ടാകുന്നതെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു.കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് അഗ്നിശമനസേന പരിധിയിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഉണങ്ങിയ പുല്ലുകളിൽ വീഴുന്ന തീ അതിവേഗത്തിൽ ആളിപ്പടരുന്നതാണ് ഇതിലെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്.
ചൂടു വർദ്ധിക്കാൻ തുടങ്ങിയതോടെ ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.ജനുവരി മുതൽ മേയ് വരെ അഗ്നിശമനസേനയ്ക്ക് നെട്ടോട്ടമാണ്. ചൂടു കൂടുന്നതിന് അനുസരിച്ച് ഇനിയും അപകട സാദ്ധ്യതകൾ കൂടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

ഇവിടങ്ങളിൽ പതിവ്

തളിപ്പറമ്പ് എളംബേരം, നാടുകാണി, കാരക്കുണ്ട്, കൂനം, ബദരിയ നഗർ, പഴയങ്ങാടി, മാടായിപ്പാറ, കോറോം, പരിയാരം, പാടിക്കുന്ന്, മട്ടന്നൂർ ചാവശേരി, വെള്ളിയാംപറമ്പ്


വേണ്ടത് ജാഗ്രത

ഉണങ്ങിയ പുല്ലുള്ള പാറപ്രദേശങ്ങളുടെയും മൈതാനങ്ങളുടെയും സമീപത്ത് താമസിക്കുന്നവർ മേയ് മാസം വരെ കനത്ത ജാഗ്രത പുലർത്തണം. ചൂടേറിയ കാലാവസ്ഥയിൽ ഉണങ്ങിയ പുല്ലുകളിൽ പെട്ടെന്നു തീ പടരാൻ സാദ്ധ്യതയുള്ളതിനാലാണിത്.ഇത്തരം സ്ഥലങ്ങളിൽ തീയിടുന്നതിൽ സാമൂഹ്യവിരുദ്ധർക്കും പങ്കുണ്ട്. ഇത്തരത്തിൽ തീപടരുന്നത് ഏക്കർ കണക്കിനു പ്രദേശങ്ങളെ കരിച്ചുകളയും.സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും കെ.എസ്.ഇ. ബി ട്രാൻസ്ഫോർമറിലും തീ പടർന്ന നിരവധി സംഭവങ്ങൾ പലയിടത്തുമുണ്ടായിട്ടുണ്ട്.

വീടുകളിൽ കുറവ്

വീടുകളിലെ തീപിടിത്തം കുറഞ്ഞുവരുന്നതായാണ് അഗ്നശമനസേന പുറത്തുവിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകളിലെ തീപിടിത്തത്തിന് കാരണമായ ഷോർട്ട് സർക്യൂട്ടും അടുക്കളയിൽ നിന്നുള്ള തീപിടിത്തവും സംബന്ധിച്ച് ആളുകളിൽ ധാരണയുള്ളതാണ് അപകടനിരക്ക് കുറഞ്ഞതിന് പിന്നിൽ.


അഗ്നിശമനസേനയുടെ ബോധവത്കരണത്തിന്റെ ഭാഗമായി തീപിടിത്തത്തിന്റെ കാരണങ്ങളും പ്രതിരോധങ്ങളും ആളുകളിലേക്ക് എത്തിയിട്ടുണ്ട്. ഇതുമൂലം വലിയ അപകടങ്ങളൊന്നും അടുത്തകാലത്തൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ല. എന്നാൽ മാലിന്യാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതും ഷോർട്ട് സർക്യൂട്ടും മിക്കയിടത്തും വില്ലനാണ്. നിരവധി കടകളിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ കത്തുന്നതും വർദ്ധിച്ചിട്ടുണ്ട്.

അഗ്നിരക്ഷാ സേന ,കണ്ണൂർ

ജനുവരിയിൽ മാത്രം

തളിപ്പറമ്പ് ഫയർ സ്റ്റേഷൻ 34

കണ്ണൂർ 16

മട്ടന്നൂർ 15

പയ്യന്നൂർ 12

കൂത്തുപറമ്പ് എട്ട്

തലശേരി 7

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL