
തലശ്ശേരി: ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നേരത്തെ ഒരിക്കൽ മാത്രം നടന്ന രഞ്ജി ട്രോഫി സെമിപ്രവേശം കേരളം ആഘോഷിക്കുമ്പോൾ കണ്ണൂരുകാർക്കും കാസർകോട്ടുകാർക്കും അഭിമാനിക്കാൻ ഏറെ. ജമ്മു കാഷ്മിരിനെതിരെ ഇരു ഇന്നിംഗ്സുകളിലും നങ്കൂരമിട്ട് പൊരുതിയ തലശ്ശേരിക്കാരനായ സാൽമാൻ നിസാറും രണ്ടാം ഇന്നിംഗ്സിൽ സാൽമാന് വേണ്ടുന്ന പിന്തുണ നൽകിയ കാസർകോട് തളങ്കരക്കാരൻ മുഹമ്മദ് അസറുദ്ദീനിലൂടെയുമാണിത്.
ഇന്ത്യൻ ക്യാപ്റ്റൻ സാക്ഷാൽ രോഹിത് ശർമ്മ അണിനിരന്ന മുംബൈയേയും രഞ്ജിയിലെ അഭിജാത ടീമുകളിലൊന്നായ ബറോഡയേയും അട്ടിമറിച്ചെത്തിയ കാഷ്മീർ പഴയപോലെ ദുർബലടീമായിരുന്നില്ല എന്നയിടത്താണ് ഇരുവരും കൂടി നേടിയെടുത്തത് ഐതിഹാസിക വിജയമാകുന്നത്.
വിജയരഹസ്യം കഠിനപരിശീലനം
അതി കഠിനവും അടുക്കും ചിട്ടയുമാർന്ന പരിശീലനവും എളിമയും, ലാളിത്യവുമുള്ള പെരുമാറ്റവുമാണ് സാൽമാൻ നിസാറിന്റെ പ്രത്യേകതയെന്ന് സുഹൃത്തും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയുമായ ഫിജാസ് പറയുന്നു.
. ജൂനിയേർസിന് പ്രചോദനമാകുന്ന പ്രകൃതം.ഓപ്പണിംഗ് മുതൽ ഏഴ് വരെയുള്ളയുള്ള പൊസിഷനുകളിൽ സാൽമാൻ ബാറ്റ് ചെയ്യും. കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന്റെ ക്യാപ്റ്റനായിരുന്നു സാൽമാൻ.ബി.സി.സി.യുടെ വിജയ് ഹസാരെ ടൂർണ്ണമെന്റിൽ തിളങ്ങിയതിന് പിന്നാലെയാണ് രഞ്ജിയിൽ കേരളത്തിന്റെ വമ്പൻ നേട്ടത്തിന് ചുക്കാൻ പിടിക്കാൻ സാൽമാന് കഴിഞ്ഞത്.
ഒൻപതാം വയസ്സിൽ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ സെൽമാൻ പിന്നീട് എറണാകുളം ക്രിക്കറ്റ് അക്കാഡമിയിലൂടെയാണ് കളിയിൽ വളർന്നത്. വിജയ് മർച്ചന്റ് ട്രോഫി , വിനു മങ്കാദ് ട്രോഫി , കൂച്ച് ബഹാർ ട്രോഫി , കേണൽ സി.കെ.നായിഡു ട്രോഫി എന്നിവയിലും വലിയ നേട്ടങ്ങൾ തന്നെ കൊയ്തു.
2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയ കേരള ടീമിലും സൽമാൻ ഉണ്ടായിരുന്നു. .2023-24 തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സൽമാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരള സീനിയർ ടീം,അണ്ടർ 23, അണ്ടർ 19,അണ്ടർ 16,അണ്ടർ 14 കേരള ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ്.തലശ്ശേരി പാലിശ്ശേരി പൊലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങൾ.
ഇന്ത്യൻ ക്യാപ്റ്റനോടുള്ള ആരാധനയിൽ അസ്ഹറുദ്ദീന് പേരുവീണു
കേരളത്തിന് ഏറെ നിർണായകമായ രണ്ടാം ഇന്നിംഗ്സിൽ സാൽമാൻ നിസാറിനോടൊപ്പം പൊരുതി 118 പന്തുകളെ അതിജീവിച്ച് 67 റൺസ് നേടിയ കാസർകോട് തളങ്കരക്കാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ പലത തവണ കേരളത്തിനായി രക്ഷകവേഷം അണിഞ്ഞിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ആരാധനമൂലം മൂത്ത സഹോദരൻ കമറുദ്ദീനാണ് എട്ട് സഹോദരങ്ങളിലെ ഏറ്റവും ഇളയവനും ഈ പേരിട്ടത്. പത്താം വയസ്സിൽ തളങ്കര താസ് ക്ലബ്ബിൽ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹർ 11–ാം വയസ്സിൽ അണ്ടർ 13 ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹർ പിന്നീടു കാസർകോടിനെയും നയിച്ചു. ഒൻപതാംക്ളാസിൽ പഠിക്കുമ്പോൾ മുത്തോലിയിലെ കെ.സി.എ അക്കാഡമിയിൽ പരിശീലനം നേടി. 10–ാം ക്ലാസ് കോട്ടയത്തെ തന്നെ മാന്നാനം സെന്റ് എഫ്രേംസ് അക്കാഡമിയിലും. ശേഷം കൊച്ചി തേവര എസ്.എച്ച് സ്‌കൂളിലും കോളജിലുമായി ഹയർ സെക്കൻഡറിയും ഡിഗ്രിയും പഠിച്ചു. കെ.സി.എയുടെ കൊച്ചി അക്കാഡമിയിലായിരുന്നു അന്ന് പരിശീലനം. ആ കാലഘട്ടത്തിൽ കോച്ചായിരുന്ന ബിജുമോനാണു പ്രഫഷനൽ ക്രിക്കറ്റ് താരമെന്ന തലത്തിലേക്കു തന്നെ വളർത്തിയതെന്ന് അസ്ഹർ പറയുന്നു.2015–16 സീസണിൽ കേരളത്തിന്റെ രഞ്ജി ടീം ഇലവനിൽ ഇടം കണ്ടെത്തി. 2015 നവംബർ 14ന് ഗോവയ്‌ക്കെതിരെ ആദ്യ രഞ്ജി മത്സരം കളിച്ചു. ഇന്നിങ്സ് വിജയം നേടിയ ആ കളിക്കു ശേഷം പരുക്കു മൂലമല്ലാതെ ഒരിക്കൽ പോലും അസ്ഹർ ടീമിനു പുറത്തുപോയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |