
കണ്ണൂർ:ജില്ലയിൽ ലഹരിമാഫിയ പുതുവർഷത്തിലും കടുത്ത ഭീഷണി ഉയർന്നുവെന്നതിന്റെ സൂചനയായി എക്സൈസ് പുറത്തുവിടുന്ന കണക്കുകൾ. പോയ രണ്ടുമാസങ്ങൾക്കിടയിൽ മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോയ്ക്കടുത്ത് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. എം.ഡി.എം.എ,മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയിൽ , നൈട്രോസ്പാം ടാബ് എന്നീ സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിതരണത്തിന് പ്രത്യേക ആപ്പുകൾ പോലും സജ്ജമാക്കിയാണ് മാഫിയകൾ ആവശ്യക്കാരിലേക്ക് എത്തുന്നതെന്നതിനാൽ പിടിച്ചെടുത്തതിന്റെ എത്രയോ മടങ്ങ് വിറ്റഴിക്കപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, കഞ്ചാവ്, നൈട്രോസ്പാം, ഹാഷിഷ് ഓയിൽ തുടങ്ങിയ പല രൂപങ്ങളിലുള്ള ലഹരിമരുന്നുകൾ പിടികൂടപ്പെട്ടിട്ടുണ്ട്. പഴയതുപോലെ നഗരകേന്ദ്രീകൃതമായി മാത്രമല്ല ലഹരി വില്പന എന്നതാണ് ഇതിലൂടെ തെളിയുന്നത്. ജനുവരിയിൽ ഒറ്റയാളിൽ നിന്ന് മാത്രം പത്ത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു.
മിക്കവാറും കർണാടക അതിർത്തി കടന്നാണ് കണ്ണൂരിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നത്.. കർണാടക കേരള അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നിന്നും പലതവണ നിരോധിത ലഹരിവസ്തുക്കൾ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്.
കേസുകൾ കൂടുന്നു
കാര്യക്ഷമതയുംമുൻകാലങ്ങളിൽ ഉള്ളതിലും അധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എക്സൈസിന്റെയും പൊലീസിന്റെയും കാര്യക്ഷമത വർദ്ധിച്ചത് കൊണ്ടാണെന്ന അവകാശവാദവും ഉയരുന്നുണ്ട്.
2024 ഡിസംബറിൽ
മൊത്തം പരിശോധനകൾ 2223
വാഹന പരിശോധനകൾ 26966
അറസ്റ്റിലായവർ 155
അബ്കാരി കേസിൽ പിടിയിലായവർ 267
പിടിച്ചെടുത്ത സിന്തറ്റിക്ക് ഡ്രഗ്ഗുകൾ
ഹാഷിഷ് ഓയിൽ 3.2 ഗ്രാം
മേത്തമാഫെറ്റാമിൻ 195.872 ഗ്രാം
നൈട്രോസ്പാം ടാബ് 2.24 ഗ്രാം
കഴിഞ്ഞ വർഷം ജില്ലയിൽ അകെ രെജിസ്റ്റർ ചെയ്ത കേസുകൾ 7523 .അറസ്റ്റിലായത് 1734 പേർ.
ജില്ലയിൽ ലഹരിമരുന്നിനായുള്ള പരിശോധനകൾ ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ട്. പരമാവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും വിമുക്തി ക്യാമ്പയിനുകളും സജീവമാക്കുന്നുണ്ട്. -വി രാജേഷ് (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |