
കണ്ണൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റു സാധനങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ തട്ടിപ്പിനിരയായവരുടെ ആക്ഷൻ കമ്മിറ്റി സീഡ് വുമൺ ഓൺ ഫയർ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. തട്ടിപ്പിനിരയായ അഴീക്കോട് സ്വദേശിനി ടി.പ്രേമജയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.പരാതി നൽകിയിട്ടും പ്രമോട്ടർമാരെയും മറ്റും സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും തങ്ങളുടെ പരാതികൾ കേൾക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോ കണ്ണൂർ കളക്ടറോ ഇതുവരെ തയാറായിട്ടില്ലെന്നും പ്രേമജ പറഞ്ഞു.
തട്ടിപ്പിന് നേതൃത്വം നൽകിയ പ്രമോട്ടർമാരുടെയും കോ ഓർഡിനേറ്റർമാരുടെയും ഫോട്ടോ പതിപ്പിച്ച പ്ലക്കാർഡുകളുമായാണ് തട്ടിപ്പിന് ഇരകളായവർ പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പതിനൊന്നുണിയോടെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് മുദ്രാവാക്യവുമായി ഇരുന്നൂറോളം പേരാണ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ശ്രീകണ്ഠാപുരം, ഏരുവേശി, ചെങ്ങളായി, ആലക്കോട്, കുറുമാത്തൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കുറ്റിയാട്ടൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ അനില തമ്പുരാൻകണ്ടി, എൻ.ജെ.സെലിൻ, കെ.സിന്ധു, കെ.വി. സൗമ്യ, ടി.കെ.ആര്യ, എ.പി.നഫീല , പി. ഇബ്രീസ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |