
തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തളിപ്പറമ്പ് രാജരജേശ്വര ക്ഷേത്രദർശനം നടത്തുമെന്ന സൂചനക്കിടയിൽ സുരക്ഷാസന്നാഹവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാസേനയുടെ (എൻ.എസ്.ജി) മോക്ഡ്രിൽ നടന്നു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മോക്ഡ്രിൽ അവസാനിച്ചത് ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സമാപിച്ചത്.
പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ ക്ഷേത്രത്തിന് സമർപ്പിച്ച ശിവന്റെ വെങ്കലപ്രതിമ
അനാച്ഛാദനത്തിന് പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷയുടെ ഭാഗമാണ് മോക് ഡ്രിൽ നടന്നതെന്നാണ് വിവരം.
എൻ.എസ്.ജി കമന്റോകൾ എത്തുമെന്ന് നേരത്തെ ടി.ടി.കെ. ദേവസ്വം അധികൃതർക്ക് വിവരം നൽകിയിരുന്നു. റൂറൽ ജില്ലാ പൊലിസ് മേധാവി അനൂജ് പലിവാൾ, തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപൊയിൽ, സി ഐ.ഷാജി പട്ടേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദൻ , ട്രസ്റ്റി അംഗം ബാബു പള്ളിക്കൽ, ജീവനക്കാർ എന്നിവരും ക്ഷേത്രത്തിനകത്തുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി എജീവനക്കാരും ഓപ്പറേഷനിൽ പങ്കാളികളായി.
"തീവ്രവാദികൾ ക്ഷേത്രത്തിൽ "
ക്ഷേത്രത്തിൽ വി.ഐ.പികളെ ബന്ദിയാക്കിയാൽ നടത്തേണ്ടുന്ന ഓപ്പറേഷൻ മാതൃകയായിരുന്നു എൻ.എസ്.ജി ആവിഷ്‌കരിച്ചത്.
എട്ടംഗ ഭീകരവാദികൾ ക്ഷേത്രത്തിൽ കടന്നുകയറിയത് ആവിഷ്‌കരിച്ചുകൊണ്ടായിരുന്നു തുടക്കം. നാല് ഭീകരർ ക്ഷേത്രത്തിനകത്തും നാലുപേർ കൊട്ടുംപുറത്തിന് സമീപമുള്ള ഗോപുരത്തിന്റെ മുകളിലും കയറിക്കൂടിയെന്ന നിലയിലായിരുന്നു കമാൻഡോ ഓപ്പറേഷൻ പ്ളാൻ ചെയ്തത്. ക്ഷേത്രത്തിനകത്ത് കടന്നുകയറിയ നാലംഗ സംഘം ജില്ലാ അസി.കളക്ടർ ഗ്രനേഥ സായികൃഷ്ണയെ ബന്ദിയാക്കി. പിന്നാലെ ഡി.ഐ.ജിയു ടെയും എസ്.പിയുടെയും നേതൃത്വത്തിൽ 150 അംഗ സായുധ കമാൻഡോ സംഘമാണ് ഓപ്പറേഷന് തയ്യാറായത്.
ക്ഷേത്രത്തിലേക്ക് കുതിച്ചുകയറിയ കമാൻഡോകൾ അകത്തുണ്ടായിരുന്ന നാല് ഭീകരരെ വെടിവച്ച് വീഴ്ത്തി. പുറത്ത് തയ്യാറാക്കി വച്ചിരുന്ന ആംബുലൻസിലേക്ക് സ്ട്രക്ച്ചർ വഴി ഇവരെ നീക്കം ചെയ്തു. ഇതിനിടയിൽ ഗോപുരത്തിന് മുകളിലുണ്ടായിരുന്ന നാല് തീവ്രവാദികൾ ബോംബ് സ്ഫോടനം നടത്തി ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് തട്ടിയെടുത്ത് പറശിനിക്കടവ് ഭാഗത്തേക്ക് രക്ഷപ്പെടുന്ന രംഗവും ആവിഷ്കരിച്ചു. ഇവരെ പിന്തുടർന്ന് കമാൻഡോകൾ വക വരുത്തുന്നതോടെയാണ് പുലർച്ചെ നാലുമണിയോടെ മോക്ഡ്രില്ലിന് സമാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |