
കണ്ണൂർ:സർക്കാർ നയം കടുപ്പിക്കുമ്പോഴും ജില്ലയിലെ സർക്കാർ സംവിധാനത്തെ അഴിമതി തീണ്ടുന്നതായി കണക്കുകൾ.കൈക്കൂലി കേസുകളിൽ ചുരുക്കം മാത്രമെ വിജിലൻസിന് മുന്നിലെത്തുന്നുള്ളു. എന്നിട്ടും പോയ വർഷം മാത്രം 21 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നത് അഴിമതി അത്രയെളുപ്പം തുടച്ചുനീക്കാൻ സാധിക്കുന്ന പ്രതിഭാസമല്ലെന്ന് ഉറപ്പിക്കുകയാണ്.
കൂട്ടത്തിൽ ഏറ്റവും കൂടുതൽ അഴിമതി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തദ്ദേശസ്വയം ഭരണവകുപ്പിലെ ജീവനക്കാർക്കെതിരെയാണ്. അഴിമതിക്കും ക്രമകേടുകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിലും ഉദ്യോസ്ഥർ പലരും അഴിമതിയിൽ നിന്നും കരകയറിയിട്ടില്ലെന്നതിന്റെ തെളിവുകളാണ് ജില്ലയിൽ നിന്ന് മാത്രമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് .
സംസ്ഥാനത്തെ മിക്ക സർക്കാർ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ട്. സർക്കാർ ഫണ്ടുകൾ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആഭ്യന്തര-വിജിലൻസ് സംവിധാനം ഉപയോഗിച്ച് പ്രാഥമികാന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി തുടർനടപടികൾ സ്വീകരിക്കുകയുമാണ് നിലവിലുള്ള രീതി.
സംസ്ഥാനത്ത്
അഴിമതികേസുകൾ 397
ട്രാപ്പ് കേസുകൾ 147
കണ്ണൂരിൽ
അഴിമതി കേസുകൾ 21
ട്രാപ്പ് കേസുകൾ 11
ജോലി നഷ്ടപ്പെടില്ല, പിന്നെന്തിന് ഭയക്കണം
പിടിക്കപ്പെട്ടാലും ജോലി നഷ്ടപെടാൻ സാദ്ധ്യത ഇല്ലെന്നതാണ് ഒരു വിഭാഗം ജീവനക്കാരുടെ ധൈര്യം. എത്ര ബോധവത്കരണം നടത്തിയാലും സിറോ ശതമാനം കൈക്കൂലി എന്ന സർക്കാർ ലക്ഷ്യത്തെ ദൂരെ നിർത്തിക്കുന്നത് ഈ ഉദ്യോഗസ്ഥരാണ്.
കൈക്കൂലി കേസിൽ പിടിയിലായാൽ ഉദ്യോഗസ്ഥൻ വകുപ്പ് തല നടപടിയുടെ ഭാഗമായി ആറ് മാസം മുതൽ ഒരു വർഷം വരെ സസ്‌പെൻഷൻ ഉണ്ടാകും. സസ്‌പെൻഷൻ കാലത്ത് 35 ശതമാനം ശമ്പളം തടഞ്ഞുവെക്കുന്നതാണ് കിട്ടുന്ന ശിക്ഷ. സസ്‌പെൻഷൻ ഒഴിവായാൽ മുഴുവൻ ശമ്പളവും കിട്ടും. കേസിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുൻകാല പ്രാബല്യത്തോടെ കിട്ടും. ഇത് പലപ്പോഴും കൈക്കൂലി കേസിൽ അകപ്പെടുന്ന ഉദ്യോഗസ്ഥർക്ക്
പ്രോത്സാഹനമാണെന്നാണ് ആക്ഷേപം.
അതേ സമയം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ട്രാപ്പ് സംവിധാനത്തിലൂടെ കൈയോടെ പിടികൂടുന്ന കേസിൽ കോടതിയുടെ ശിക്ഷ ലഭിക്കും.ഫിനോഫ്തലിൻ പുരട്ടി നമ്പർ മുൻകൂട്ടി രേഖപ്പെടുത്തി നൽകുന്ന കറൻസിനോട്ട് നൽകി വിജിലൻസ് കെണിവെച്ച് പിടികൂന്നതാണ് ട്രാപ്പ് കേസ്.
അഴിമതി അറിയിക്കാം
ട്രോൾ ഫ്രീ -(1064, 8592900900),
വാട്സ് ആപ്പ് -(9447789100)
മുറപോലെ ബോധവത്കരണം
അഴിമതിക്കെതിരെ വഴിപാടു പോലെ ബോധവത്കരണം മുറയ്ക്ക് നടക്കുന്നുണ്ട്. സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ, ബോധവത്കരണ റാലികൾ, ലഘുനാടകങ്ങൾ, സോഷ്യൽ മീഡിയ വഴിയുള്ള ബോധവത്കരണം എന്നിവയും നടപ്പിലാക്കി വരുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |