
കാസർകോട്:വടക്ക് കർണാടക അതിർത്തിമേഖലകളിലെ സങ്കീർണമായ ക്രമസമാധാന പ്രശ്നങ്ങളടക്കം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാസർകോട്ടെ പൊലീസ് സേന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും അംഗബലക്കുറവിലും വിയർക്കുന്നു.
ലോക്കൽ പൊലീസിലും ക്യാമ്പിലും സ്‌പെഷ്യൽ വിംഗിലുമായി ആകെയുള്ളത് 1800 ഓളം ഉദ്യോഗസ്ഥരാണ്. ഓടിത്തേഞ്ഞ വണ്ടികളും ഇടിഞ്ഞുവീഴാൻ പാകത്തിലുള്ള കെട്ടിടങ്ങളുമൊക്കെയായി കടുത്ത പരാധീനതയിലാണ് സേനയുടെ പ്രവർത്തനം.
കണ്ണൂർ റൂറൽ പൊലീസ് ജില്ലയ്ക്കും താഴെയാണ് കാസർകോട് ജില്ലയിലെ ആകെ പൊലീസുകാരുടെ എണ്ണം. മറ്റു ജില്ലകളിൽ ഓടിതേഞ്ഞ വണ്ടികളാണ് പലപ്പോഴും കാസർകോടിന് ലഭിക്കുന്നത്. പല പൊലീസ് സ്റ്റേഷനുകളിലുമുള്ളത് മൂന്നും നാലും ലക്ഷം കിലോമീറ്ററുകൾ ഓടിത്തേഞ്ഞ വാഹനങ്ങളാണ്.ആധൂനിക വാഹനങ്ങളിൽ കള്ളന്മാരും ക്രിമിനൽ സംഘങ്ങളും കുതിക്കുമ്പോൾ പൊലീസ് വാഹനങ്ങൾ വഴിയിൽ കിതച്ചുനിൽക്കുന്ന സ്ഥിതിയാണ്. ഇടിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടമടക്കം ജില്ലയിലെ പൊലീസ് നേരിടുന്ന അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എടുത്തുകാണിക്കുന്നു.പൊളിച്ചുമാറ്റിയ നീലേശ്വരം പൊലീസ് സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നത് സി ഐ ഓഫീസിലാണ്. അൻപത് പൊലീസുകാരാണ് ഇവിടെ ഞെരുങ്ങി സേവനമനുഷ്ഠിക്കുന്നത്.പ്രധാന സ്റ്റേഷനുകളിൽ 80 പേരെയും സാധാരണ സ്റ്റേഷനുകളിൽ ചുരുങ്ങിയത് 50 പേരെയും നിയമിക്കണമെന്നാണ് പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും നിരന്തരം ഉന്നയിക്കുന്ന ആവശ്യം.
അംഗബലം കുറയുമ്പോൾ
കേസന്വേഷണത്തെ ബാധിക്കുന്നു
കേസുകൾ കൃത്യസമയത്ത് കോടതിയിൽ റിപ്പോർട്ട് ചെയ്യാൻ പ്രയാസം
കേസ് രജിസ്റ്റർ ചെയ്യൽ, തപാൽ, പാറാവ് ഡ്യുട്ടി എന്നിവയെ ബാധിക്കുന്നു
ഒരു ഉദ്യോഗസ്ഥന് നാലും അഞ്ചും ഡ്യുട്ടി
അഡ്മിനിസ്ട്രേഷന് 24 പേർ മാത്രം
ഇത്രയും പൊലീസുകാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടിരിക്കുന്നത് വെറും 24 പേരെയാണ്. പൊലീസുകാരുടെ വിവിധ അപേക്ഷകൾ തീർപ്പാക്കാൻ ഏറെ കാലം വേണ്ടിവരുന്നു.സേനയിൽ നിന്ന് പിരിഞ്ഞവരുടെ പെൻഷനെ അടക്കം ഇത് ബാധിക്കുന്നു. കണ്ണൂർ റൂറലിലെ അഡ്മിനിട്രേഷൻ വിംഗിൽ 35 ഉദ്യോഗസ്ഥരുണ്ട്.
എവിടെ പ്രഖ്യാപിച്ച പുതിയ സ്റ്റേഷനുകൾ
വിസ്തൃതിയേറിയ പ്രദേശമെന്ന നിലയിലും ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ നേരിടുന്നതുമായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ വിഭജിച്ച് ഉപ്പള പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും മെല്ലെപ്പോക്കിലാണ്. ഇതിനായി പൈവളികെയിൽ അമ്പത് സെന്റ് സ്ഥലവും എടുത്തിരുന്നു. 24 വില്ലേജുകൾ പരിധിയായുള്ള മഞ്ചേശ്വരത്ത് പൊലീസ് ഉദ്യോഗസ്ഥർ പാടുപെടുകയാണ്. കർണ്ണാടകയിൽ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയാണ് മഞ്ചേശ്വരം പൊലീസ് പങ്കിടുന്നത്. ചെറുവത്തൂരിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വാക്കിലൊതുങ്ങി
ഉദ്‌ഘാടനം കാത്ത്
ചട്ടഞ്ചാലിലെ ബേക്കൽ ഡിവൈ.എസ്.പി ഓഫീസ്
ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ
പെരിയാട്ടടുക്കത്തെ കൺട്രോൾ റൂം
കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ
കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ
കാസർകോട് സിന്തറ്റിക് ടർഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |