SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

വീണ്ടും ജീവനെടുത്ത്  കാട്ടാനക്കലി 

katana
കാട്ടാന

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ആറളം ഫാമിലെ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിൽ പ്രതിഷേധം ശക്തം. കശുവണ്ടിത്തോട്ടത്തിൽ നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകൾ തിരികെ വരാറുണ്ട്. സംഭവത്തിൽ രൂക്ഷ പ്രതിഷേധമാണ് പ്രദേശത്തുള്ളത്.
ദുരന്തമുണ്ടാകുമ്പോൾ മാത്രം അധികാരികളുടെ കണ്ണുപതിയുന്ന ഇടമായി ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. കാട്ടാനകളെ ഭയന്ന് വീടിനു വെളിയിലിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം. ജീവനും കൈയിൽ പിടിച്ചു ജീവിക്കുന്നവരാണ് ഇവിടുത്തെ നാട്ടുകാർ.

കാട്ടാന ആക്രമണത്തിൽ ഓരോരുത്തർ കൊല്ലപ്പെടുമ്പോൾ ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ വനം വകുപ്പും റവന്യു വിഭാഗവും ആനമതിൽ നിർമ്മിക്കുമെന്ന് പറയും. എന്നാൽ അതെല്ലാം വെറും വാഗ്ദാനമായി മാറുകയാണ് പതിവ്. ജീവൻ കൈയിൽ പിടിച്ചാണ് രണ്ടായിരത്തോളം കുടുംബങ്ങൾ ഫാമിലെ തങ്ങളുടെ കൂരകളിൽ കഴിയുന്നത്. രാപ്പകൽ ഭേദമെന്യേ കാട്ടാനകൾ ഇവിടങ്ങളിൽ വിഹരിക്കുകയാണ്. ആനമതിൽ നിർമ്മിക്കുക മാത്രമാണ് ആറളത്ത് പോംവഴി.

പത്തുവർഷത്തിനിടെ

ചതഞ്ഞരഞ്ഞത്

14 ജീവനുകൾ


10 വർഷത്തിനിടെ കണ്ണൂർ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 14 പേർ. വനാതിർത്തിയായ ആറളം ഫാമിലാണ് 12 മരണങ്ങളും. ഇരിട്ടിയിലെ ഉളിക്കൽ ടൗണിലും മലയോരഗ്രാമമായ പെരിങ്കരിയിലുമായിരുന്നു മറ്റു രണ്ടു മരണങ്ങൾ.വന്യജീവി ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ് ശയ്യാവലംബിയായവരുടെ കണക്കും ഞെട്ടിക്കുന്നതാണ്.

2022 നവംബർ 10നാണ് ഉളിക്കൽ നെല്ലിക്കാംപൊയിൽ ഏഴൂരിലെ ആതൃശ്ശേരി ജോസ് (71) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനപോകുന്ന വഴിയിൽപെട്ടുപോയ ജോസിനെ കാമ്പൻ കുത്തിവീഴ്ത്തിയ ശേഷം ചവിട്ടിയരക്കുകയായിരുന്നു.
2021 സെപ്തംബർ 25നാണ് ഇരിട്ടി പായം പഞ്ചായത്തിലെ പെരിങ്കരിയിൽ ചെങ്ങഴശ്ശേരി ജസ്റ്റിൻ (38) കാട്ടാന ആക്രമണത്തിനിരയായത്. രാവിലെ ഭാര്യക്കൊപ്പം ബൈക്കിൽ പള്ളിയിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ആനക്കലിയിൽ ഗുരുതര പരുക്കേറ്റ ജസ്റ്റിനെയും ഭാര്യ ജിനിയെയും കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ജിനി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.


മൂന്നുവർഷം മുമ്പ് കണ്ണൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ യാത്രയാക്കി ബൈക്കിൽ തിരികെ വരുമ്പോഴാണ് ഇരിട്ടി മുഴക്കുന്ന് തളിപ്പൊയിൽ സ്വദേശി വിനോദിനെ കാട്ടാന ആക്രമിച്ചത്. വീടിന് 200 മീറ്റർ മാത്രം അകലെവച്ചാണ് വിനോദിനെ കലിപൂണ്ടെത്തിയ കൊമ്പൻ ബൈക്കടക്കം ചവിട്ടിവീഴ്ത്തിയത്. നട്ടെല്ലിനു ഗുരുതര പരുക്കേറ്റ വിനോദ് ഒരു വർഷത്തോളം ആശുപത്രിക്കിടക്കയിലായിരുന്നു. ആക്രമണത്തിൽ അരയ്ക്കുതാഴെ തളർന്ന ഈ യുവാവിന് മൂന്നുവർഷത്തിനിപ്പുറവും പരസഹായമില്ലാതെ പ്രാഥമികകർമങ്ങൾ പോലും നിർവഹിക്കാൻ കഴിയില്ല. ലക്ഷക്കണക്കിനു രൂപയാണ് ചികിത്സയ്ക്ക് ചെലവായത്. മുഴക്കുന്നിൽ ഓട്ടോഡ്രൈവറായിരുന്ന വിനോദിനെ ആശ്രയിച്ചാണ് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KATTANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL