
കണ്ണൂർ: പതിനെട്ടു വർഷമായി ആറളത്ത് ആദിവാസി പുനരധിവാസപദ്ധതി തുടങ്ങിയിട്ട്. ഇക്കാലമത്രയും ഭീതിയിൽ കഴിയുകയാണ് പുനരധിവസിക്കപ്പെട്ട ആദിവാസി ജനത. വന്യമൃഗ ശല്യം ഒഴിവാക്കാനായി ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതികളെല്ലാം വെറുതെയായി.
മൂവായിരത്തോളം പേരാണ് ആറളം ഫാമിലെ പുനരധിവാസകേന്ദ്രത്തിൽ കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ച് ഫാമിനു പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ സ്ത്രീകൾക്ക് തൊഴിലുറപ്പ് ജോലിക്കു പോകാനോ, രോഗികൾക്ക് ആശുപത്രിയിൽ പോകാനോ കഴിയുന്നില്ല. കുടിവെള്ളം ശേഖരിക്കാൻ ഇറങ്ങുന്നത് പോലും പേടിച്ചാണ്. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും കടുവയുടെയും പന്നിയുടെയും ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെടുന്നത്.
തങ്ങൾക്കു പതിച്ചുകിട്ടിയ സ്ഥലത്തെ വിളകൾ ശേഖരിക്കാൻ പോലും ആദിവാസികൾക്ക് കഴിയുന്നില്ല. പുനരധിവാസത്തിനുമുമ്പ് ആറളം ഫാമിനു ചുറ്റും ശക്തമായ വൈദ്യുതി ഫെൻസിംഗ് സംവിധാനമുണ്ടായിരുന്നു. എന്നാൽ പുനരധിവാസത്തിനുശേഷം വേലി പരിപാലിക്കാനോ അറ്റകുറ്റപ്പണി നടത്താനോ വനംവകുപ്പ് തയാറായില്ല. ചെറിയ ചെലവിൽ വൈദ്യുതി ഫെൻസിംഗ് പ്രാവർത്തികമാക്കാമെന്നിരിക്കെയാണ് കാലതാമസവും പണച്ചെലവുമുള്ള ആനമതിൽ നിർമ്മാണത്തിലേക്ക് സർക്കാർ പോയത്. 2023 സെപ്തംബറിൽ തുടങ്ങിയെങ്കിലും നാലു കിലോമീറ്റർ മാത്രമാണ് നിർമാണം നടന്നത്.മതിൽ നിർമാണം പൂർത്തീകരിച്ചാൽ ആനകൾക്ക് എളുപ്പത്തിൽ ഫാമിലും ആദിവാസി മേഖലയിലും ഇറങ്ങാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |