
തലശ്ശേരി:കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന പദ്ധതി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആറ് മത്സ്യഗ്രാമങ്ങളിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഐ.എസ്.ആർ.ഒയുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാദ്ധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സംവിധാനത്തോടുകൂടി ബോട്ടുകൾ നിർമ്മിച്ചു നൽകുമെന്നും ഇവർക്ക് പരിശീലനം സാദ്ധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് 200 നോട്ടിക് മൈൽ ദൂരവുംഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലിൽ ഗോപാലപ്പേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധനം സാംസ്‌കാരികംയുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.
നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.ഡി.പി. രജിസ്‌ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം തലശ്ശേരി നഗരസഭാ അദ്ധ്യക്ഷ ജമുനാ റാണി നിർവഹിച്ചു. പരിപാടിയിൽ ഗുണഭോക്താക്കൾക്കുള്ള ഐസ് ബോക്സ് വിതരണവും ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. ഫിഷറീസ് ഡയറക്ടർ സഫ്ന നസറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫിഷറീസ് വകുപ്പ് ഗവ.സ്‌പെഷ്യൽ സെക്രട്ടറി ബി.അബ്ദുൾ നാസർ, തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ എം.വി ജയരാജൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്തു, ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ എം.എ.മുഹമ്മദ് അൻസാരി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ പി.സഹദേവൻ, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ ടി.വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഫിഷറീസ് സർക്കാർ ഫണ്ട് വിനിയോഗത്തിൽ കേരളം മുന്നിൽ
മത്സ്യസമ്പത്തിന്റെ കാര്യത്തിൽ രാജ്യം ഒന്നാംസ്ഥാനത്തെത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഫിഷറീസ് മേഖലയിൽ സർക്കാർ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ കേരളം മുൻപന്തിയിൽ ആണ്. ഹാർബറുകൾ ഭാവിയിൽ കൂടുതൽ ജനസൗഹൃദമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |