ഇരിട്ടി: വിദ്യാർത്ഥികൾക്ക് ലഹരി വസ്തു വിറ്റ ആറളം പുതിയങ്ങാട് സ്വദേശിയേയും 250 ഗ്രാം കഞ്ചാവുമായി താമരശേരി സ്വദേശിയും ആറളം പൊലീസിന്റെ പിടിയിലായി. വിദ്യാർത്ഥികൾക്ക് ലഹരി വസ്തു നൽകുന്നതിനിടെ കീഴ്പ്പളളി - പുതിയങ്ങാടി റോഡിലെ വ്യാപാരിയായ മംഗലശേരി മോഹൻദാസ് (56) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ കടയിൽ നിന്നും എന്തോ പൊതി വാങ്ങി കീശയിൽ ഇടുന്നത് കണ്ട് സംശയം തോന്നിയ പോലീസ് കുട്ടികളേയും കടയുടമയേയും ചോദ്യം ചെയ്തപ്പോഴാണ് ലഹരി വസ്തുവാണ് നൽകിയതെന്ന് പോലീസിന് മനസിലായത്. ഇയാളുടെ കടയിൽ നിന്നും നിരോധിത ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വീർപ്പാട്ടെ പി.കെ.മനോജിന്റെ പക്കലിൽ നിന്നും 50 പാക്കറ്റ് നിരോധിത പാൻപരാഗും പൊലീസ് പിടികൂടി. ആറളം സി.ഐ ആൻഡ്രിക്ക് ഗ്രോമിക്ക്, എസ്.ഐ ശുഹൈബ് , സി പി.ഒമാരായ ജയദേവ്, ഷിബു, സബാസ്റ്റ്യൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇടപാടുകാരായി എത്തി ഇറച്ചിക്കടയിൽ നിന്ന് കഞ്ചാവ് പൊക്കി
ഇറച്ചിക്കടയുടെ മറവിൽ കഞ്ചാവ് വില്പ്പന നടത്തിയ താമരശേരി രയരോത്തെ തെക്കേവീട്ടിൽ അബ്ദുൾ ഗഫൂറിനെ (48) ഇരിട്ടിയിൽ വച്ചാണ് ആറളം പൊലീസ് അറസ്റ്റുചെയ്തത്. കഞ്ചാവ് ഉപയോഗിച്ചായി സംശയം തോന്നി ആറളത്ത് വച്ച് ഒരാളെ പിടി കൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വിൽപ്പന നടത്തിയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സ്ഥിരമായി വാങ്ങുന്നവർക്കും വിവരം പുറത്താകില്ലെന്ന് ഉറപ്പുള്ളവർക്കും മാത്രമെ അബ്ദുൾ ഗഫൂർ കഞ്ചാവ് വിറ്റിരുന്നുള്ളു. കഞ്ചാവ് ഉപയോഗിച്ച് പോലീസ് പിടിയിലായ വീർപ്പാട് സ്വദേശിയിൽ നിന്ന് വിൽപ്പന നടത്തിയ അബ്ദുൾ ഗഫൂറിന്റെ ഫോൺ നമ്പർ പോലീസ് ശേഖരിച്ചു. ഇതിനൊപ്പം സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന മറ്റ് ഒന്ന് രണ്ട് ആളുകളുടെ പേരുകളും മനസിലാക്കിയ ശേഷം അബ്ദുൾ ഗഫൂറുമായി ഫോണിൽ കഞ്ചാവിനായി ബന്ധപ്പെട്ടാണ് ഇയാളെ കുടുക്കിയത്.
ഇരിട്ടി മേലെ സ്റ്റാൻഡിലെ ബാബൂസ് ഹോട്ടലിന് സമീപത്തെ ഇറച്ചിക്കടയിലെ സെയിൽസ്മാനാണ് അബ്ദുൾ ഗഫൂർ. ആവശ്യക്കാർ ഇവിടെ എത്തിയാണ് കഞ്ചാവ് വാങ്ങുന്നത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവും കുറച്ച് ഉണങ്ങിയ കഞ്ചാവും കഞ്ചാവ് വിറ്റ വകയിൽ കൈയിലുണ്ടായിരുന്ന 3400 രൂപയും പൊലീസ് പിടിച്ചെടുത്തു. അബ്ദുൾ ഗഫൂർറിനെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |