SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും വലഞ്ഞ് യാത്രക്കാർ

railway-rush-
കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെട്ട തിരക്ക്

നേരത്തെ എത്തിയാലും ട്രെയിൻ കിട്ടാതാവുന്നു

കണ്ണൂർ: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു പ്ളാറ്റ് ഫോമിൽ നിന്നും മറ്റൊരു പ്ളാറ്റ് ഫോമിലേക്ക് കടക്കാനായി ഓവർബ്രിഡ്ജുകളിൽ പലപ്പോഴും അനുഭവപ്പെടുന്നത് അനിയന്ത്രിതമായ തിരക്ക്. ട്രെയിൻ ഇറങ്ങിക്കഴിഞ്ഞാൽ ഓവർ ബ്രിഡ്ജ് കയറാൻ സ്ഥിരം യാത്രക്കാർ ഓടി എത്തുന്ന കാഴ്ച പതിവാണ്. വൈകിയാൽ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കാനാണിത്.

രാവിലെയും വൈകുന്നേരവുമാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. രണ്ട് ഓവർ ബ്രിഡ്ജുകളും ഒരു അണ്ടർ പാസ്സുമാണ് റെയിൽവേ സ്റ്റേഷനിൽ നിലവിൽ ഉള്ളത്. എന്നാൽ അണ്ടർ പാസ്സുവഴി എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഓവർ ബ്രിഡ്‌ജാണ് യാത്രക്കാരുടെ ഏക ആശ്രയം. എന്നാൽ ട്രെയിൻ വന്നു കഴിഞ്ഞാൽ ഓവർ ബ്രിഡ്ജുകളിൽ അനിയന്ത്രിതമായ തിരക്കാണ്. ഓവർ ബ്രിഡ്ജിന്റെ വീതി കുറഞ്ഞതും ഇതിനുള്ള കാരണമായാണ് യാത്രക്കാർ പറയുന്നത്. ഓവർ ബ്രിഡ്ജ് വഴിയല്ലാതെ പ്രസ് ക്ലബ് റോഡിലേക്ക് കടക്കാവുന്ന പൊതു ഫുട് ഓവർ ബ്രിഡ്ജ് പരിസരത്തുകൂടിയുള്ള വഴിയും നിലവിൽ ഉപയോഗശൂന്യമാണ്.

ഈ വഴിയും ഫൂട്ട് ഓവർ ബ്രിഡ്‌ജും പ്രവർത്തിക്കാതെ അടച്ചിട്ടതും ഓവർ ബ്രിഡ്ജിൽ തിരക്കിനിടയാക്കുന്നു. എട്ട് മാസങ്ങളോളമായി അടച്ചിട്ട ഈവഴി തുറന്നുകൊടുക്കാനുള്ള പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
തിരക്കുകാരണം ട്രെയിൻ കയറാൻ വരുന്നവർക്ക് ട്രെയിൻ കിട്ടാത്ത അവസ്ഥയും പതിവാണ്. തിക്കിലും തിരക്കിലും കുട്ടികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നതും പതിവാണ്. ട്രെയിൻ കയറാൻ വരുന്നവർ തിക്കിലും തിരക്കിലും പെട്ട് വീഴുന്ന സ്ഥിതിയുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.

റെയിൽവേ സ്റ്റേഷനിൽ ഉള്ള ലിഫ്റ്റിലും തിരക്കാണ്. പ്രായമായവരും ആരോഗ്യ പ്രശ്നമുള്ളവരും ഏറെ നേരം ലിഫ്റ്റിന് മുന്നിൽ കാത്തിരിക്കേണ്ടി വരികയാണ്.

ഇഴഞ്ഞിഴഞ്ഞ് പ്രവ‌ൃത്തികൾ

ജില്ലയിലെ പല റെയിൽവേ സ്റ്റേഷനുകളിലും സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെങ്കിലും കണ്ണൂർ, പയ്യന്നൂർ അടക്കമുള്ള പല റെയിൽവേ സ്റ്റേഷനുകളിലെയും പണി ഇഴഞ്ഞു നീങ്ങുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സമയാധിഷ്ഠിതമായി പ്രവൃത്തികൾ പൂർത്തിയാക്കുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു.

രാവിലെ ഏറനാട് എക്സ്‌പ്രസിന് പോകേണ്ടതായിരുന്നു. തിരക്ക് കാരണം ഓവർബ്രിഡ്ജിന്റെ മുകളിൽ നിന്ന് ട്രെയിൻ പോകുന്നത് കാണേണ്ട സ്ഥിതിയാണ് വന്നത്. താഴേക്ക് ഇറങ്ങാൻ കഴിയാത്തത്രയും തിരക്കാണ്. ഈ ബുദ്ധിമുട്ടിനു പരിഹാരം കാണേണ്ടതുണ്ട്.

സെബാസ്റ്റ്യൻ, തിരക്ക് കാരണം ട്രെയിൻ നഷ്ടപ്പെട്ട യാത്രക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL