കണ്ണൂർ: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർ കെട്ടിയ സമരപ്പന്തൽ പൊളിച്ചുമാറ്റിയത് തൊഴിലാളിവർഗ്ഗ പാർട്ടിക്ക് അപമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരക്കാരെ ഭീഷണിപ്പെടുത്തുന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാടിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശാവർക്കർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അനുവദിച്ച് സമരം അവസാനിപ്പിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ കോൺഗ്രസും യു.ഡി.എഫും ശക്തമായ സമരം നടത്തും. കേരളത്തിലെ സർക്കാർ സാധാരണക്കാർക്ക് ഒപ്പമല്ല, സമ്പന്നർമാർക്ക് ഒപ്പമാണ്. ഈ കാടത്തം ഉൾകൊള്ളാൻ സാധിക്കില്ല. പണിയെടുക്കാത്ത ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളവും പണിയെടുക്കുന്നവർക്ക് നാമമാത്ര ശമ്പളവും എന്നതാണ് ഇപ്പോഴത്തെ സർക്കാർ നയമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ അഡ്വ. ടി.ഒ 'മോഹനൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, മനോജ് കൂവേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |