SignIn
Kerala Kaumudi Online
Friday, 23 October 2026 7.58 AM IST

പൊള്ളുന്ന ചൂടിൽ വരുമാനം കുറഞ്ഞു; പ്രതിസന്ധിയിലായി ക്ഷീരകർഷകർ

cow

കണ്ണൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കണ്ണൂർ ജില്ലയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ.പാലുത്പാദനം ഗണ്യമായി കുറയുന്നതിനും പശുക്കൾക്ക് സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പതിവായതുമാണ് ക്ഷീരോദ്പാദനമേഖലയെ അപ്പാടെ ഉലച്ചിരിക്കുന്നത്.

അൾട്രാ വയലെറ്റ് രശ്മികളുടെ കാഠിന്യം കൂടുന്നത് പശു ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ സാരമായി ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. കൂട്ടത്തിൽ സങ്കരയിനങ്ങളായ ജേഴ്സി, സിന്ധി, ബ്രൗൺ, എച്ച്.എഫ് തുടങ്ങിയവയ്ക്ക് ചൂട് താങ്ങാനുള്ള ശേഷിയും താരതമ്യേന കുറവാണ്. ചൂടു മൂലം പാലുത്പാദനത്തിൽ 50 ശതമാനം വരെ കുറവുണ്ടാകുന്നതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് പുറമെയാണ് പുല്ലിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ്. വൈക്കോലിന്റെ ലഭ്യതക്കുറവാണ് കൂട്ടത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കാലിതീറ്റ വിലയിലെ വർദ്ധനവും കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്. പാലുത്പാദനത്തിലെ കുറവിൽ നട്ടം തിരിയുമ്പോഴാണ് പരിപാലന ചെലവ് അധികരിക്കുന്നത്.

ചെലവിന്റെ പകുതി പോലും വരുമാനമായി കിട്ടുന്നില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്. വരുന്ന രണ്ടുമാസങ്ങളിൽ പ്രശ്നം രൂക്ഷമാകാനിടയുണ്ടെന്നും ഇവർ ആശങ്കപ്പെടുന്നു.ഈ മാസങ്ങളിൽ സാധാരണയുള്ളതിലും പകുതി മാത്രമെ പാൽ ലഭിക്കുകയുള്ളുവെന്ന് ക്ഷീര സംഘം ജീവനക്കാരും പറയുന്നു.

ഇൻഷ്വറൻസുണ്ട്:​ കടമ്പ കടക്കണം

കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ആകെ 435 കറവ പശുക്കൾ വേനൽ കാലത്ത് ചത്തിരുന്നു.കണ്ണൂരിൽ 26 പശുക്കളാണ് ചത്തത്. സൂര്യാഘാതമേറ്റ് പശുക്കൾ ചത്താൽ ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും നിയമത്തിലെ നൂലാമാലകൾ പിന്നിട്ട് നഷ്ടപരിഹാരം ലഭിക്കാൻ വലിയ പ്രയാസമാണ്. പാലുത്പാദന ക്ഷമതയും പശുവിന്റെ ആരോഗ്യ സ്ഥിതിയും പോസ്റ്റ്മാർട്ടം റിപ്പോർട്ടും ഉൾപ്പെടെ പരിശോധിച്ചാണ് ഇൻഷുറൻസ് ലഭിക്കുന്നത്.

തകരുന്ന ക്ഷീര മേഖല
മുൻ വർഷങ്ങളെ അപേക്ഷിച്ച് പശു വളർത്തലിൽ വലിയ കുറവുമാണ് കാണുന്നത്. മൂന്ന് പശുവിൽ നിന്ന് ഒരു പശു എന്ന നിലയിലേക്ക് കുറഞ്ഞതായാണ് കണക്കുകൾ. ജോലിക്ക് ആനുപാതികമായി വരുമാനം ലഭിക്കാത്തതു തന്നെയാണ് ഇതിനു പിന്നിലെ കാരണം. ഈ അവസ്ഥ തുടരുകയാണെങ്കിൽ പാലിനും പാലുൽപ്പന്നങ്ങൾക്കും വില വൻതോതിൽ ഉയർന്നേക്കാമെന്നുമാണ് വിലയിരുത്തൽ.

കർഷകർ ശ്രദ്ധിക്കണം

 തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, നുരയുംപതയും വരൽ, വായതുറന്ന ശ്വസനം, പൊള്ളിയപാടുകൾ

വിദഗ്ദ്ധ ചികിത്സ നൽകണം. വെള്ളം നനച്ച് നന്നായി തുടയ്ക്കണം. ധാരാളം വെള്ളം നൽകണം.

പച്ചപ്പുല്ല് കുറവാണെങ്കില്‍ പച്ചിലകൾ,ഓല എന്നിവ നൽകാം
വെയിലത്ത് തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്
ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നൽകുക
ദിവസവും ഒരു തവണയെങ്കിലും കുളിപ്പിക്കുക
എതളർച്ച പ്രകടമാക്കിയാൽ ഡോക്ടറുടെ നിർദേശം സ്വീകരിക്കുക
തൊഴുത്തിൽ ഫാൻ വച്ച് നൽകാം

മുന്നേ അഞ്ച് പശുക്കൾ ഉണ്ടായിരുന്നു ഇപ്പോൾ ഒന്ന് മാത്രമാണ് ഉള്ളത്. മണിക്കൂറുകൾ പശുക്കളെ പരിപാലിക്കുന്നതിന് ചെലവാക്കുന്നുണ്ട് പക്ഷെ വരുമാനം തീരെ ഇല്ല. ഇത് തന്നെയാണ് പശുക്കളുടെ എണ്ണം കുറച്ചത്. അടുത്ത മാസങ്ങളിൽ ഇനിയും ചൂട് കൂടുമ്പോൾ എങ്ങനെ മുന്നോട്ട് പോകും എന്ന വേവലാതിയിലാണ് ഇപ്പോൾ ഉള്ളത് -ദാക്ഷായണി ക്ഷീര കർഷക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL