
കണ്ണൂർ : യൂട്യൂബ് നോക്കി അശാസ്ത്രീയ ഡയറ്റ് പിന്തുടരാൻ അഭ്യസ്തവിദ്യർ പോലും തുനിയുന്നുവെന്നതിന് ദൃഷ്ടാന്തമായി കൂത്തുപറമ്പ് സ്വദേശിനിയായ 18 കാരി ശ്രീനന്ദയ്ക്കുടെ മരണം. പഠനത്തിൽ മിടുമിടുക്കിയായ മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്.എസ് കോളേജിലെ ഈ ഒന്നാം വർഷ വിദ്യാർത്ഥിനിയെ യൂട്യൂബിലെ ഡയറ്റ് രീതി തള്ളിവിട്ടത് വൈദ്യശാസ്ത്രത്തിന് പോലും തിരിച്ചെടുക്കാൻ കഴിയാത്ത നിലയിലേക്കണ്.
കടുത്ത ക്ഷീണവും ഛർദ്ദിയും മൂലം ഒരാഴ്ച മുമ്പാണ് ശ്രീനന്ദയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ വെന്റിലേറ്ററിലായി ശനിയാഴ്ച രാത്രിയാൽ കുട്ടി മരണത്തിന് കീഴടങ്ങി.തെറ്റായ ഡയറ്റ് ശീലമാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുമെന്നും ഡയറ്റീഷ്യന്റെ അഭിപ്രായം തേടിയല്ലാതെ ഡയറ്റ് ക്രമീകരിക്കരുതെന്നുമാണ് ഈ മരണത്തെ വിലയിരുത്തി ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
സമീപകാലത്തായി നിരവധി പേർ യൂട്യൂബ് നോക്കി ഡയറ്റ് ക്രമീകരിക്കുകയും വ്യായാമത്തിലേർപ്പെടുകയും ചെയ്യുന്നുണ്ട്. തികച്ചും തെറ്റായ രീതിയാണിതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.തടി കൂടുതലാണെന്ന് പറഞ്ഞ് രാവിലെ പ്രാതൽ ഒഴിവാക്കുന്നവരുമുണ്ട്.
ഡയറ്റിംഗ് എന്നാൽ ഭക്ഷണം ഒഴിവാക്കലല്ല
ഡയറ്റിംഗ് എന്നാൽ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുക എന്ന ധാരണയാണ് പലർക്കുമുള്ളത്. ശരീരവടിവ് നിലനിർത്തുന്നതിന്റെ പേരിൽ ശരീരത്തിന് അവശ്യമുള്ള സമീകൃതമായ പോഷകങ്ങളും കാലോറികളും നിഷേധിക്കപ്പെടുതിനെ ഫാഡ് ഡയറ്റ് എന്നാണ് വിളിക്കുന്നത്.നിർജലീകരണം, ബലഹീനതയും ക്ഷീണവും ഓക്കാനം, തലവേദന എന്നിവ ഇതിലൂടെ കടന്നുവരും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം.
പോഷകക്കുറവ് ഇങ്ങനെ
ഫാഡ് ഡയറ്റുകളുടെ ഭാഗമായുള്ള മാക്രോ ന്യൂട്രിയന്റുകൾ പോഷകക്കുറവ് ഉണ്ടാക്കും
ഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കപ്പെടുമ്പോൾ കലോറി അളവ് ഗണ്യമായി കുറയും
ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും
സസ്യാഹാരം പിന്തുടരുന്ന ആളുകൾക്ക് വൈറ്റമിൻ ബി 12 ഇത്തരത്തിൽ കുറയും
മത്സ്യ മാംസാദി ഭക്ഷണം ഉപേക്ഷിച്ചവരിലും പോഷകക്കുറവ് ബാധിക്കും
മുന്നിലുണ്ട് അനോറെക്സിയ നെർവോസ
ഭക്ഷണ ക്രമക്കേടും ഗുരുതരമായ ഒരു മാനസികരോഗവുമായ 'അനോറെക്സിയ നെർവോസ’ എന്ന അസുഖമാണ് ശ്രീനന്ദയെ ബാധിച്ചിരുന്നത്. ഭാരം കുറയുന്നതിനോടൊപ്പം ഹൃദയത്തിന്റെ പ്രവർത്തനത്തിന് വ്യതിയാനം വരും.ബി.പി ക്രമാതീതമായി കുറയും.പെൺകുട്ടികളിൽ ആർത്തവം നിലക്കലും മുടി കൊഴിച്ചലുമുണ്ടാകും.എന്നാലും രോഗിക്ക് ശരീരഭാരം കുറയുന്നതിൽ അവബോധം ഉണ്ടാകില്ല.കൊവിഡിന് ശേഷമാണ് പലരിലും ഈ അവസ്ഥ സംഭവിച്ചിരിക്കുന്നത്.
ഫാഡ് ഡയറ്റിൽ ഗുരുതര പ്രശ്നങ്ങൾ
പേശികളുടെ ശക്തിയും ചലനശേഷിയും നഷ്ടപ്പെടുന്നു.
ഓക്സിജൻ വേണ്ടത്ര ലഭിക്കില്ല
മുടി കൊഴിച്ചിൽ വർദ്ധിക്കുന്നു
നിർജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ
ബോധക്ഷയം, ബലഹീനത, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |