SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

ഉത്പാദനതകർച്ചയിൽ താറുമാറായി മലയോരകാർഷികമേഖല വിലയുണ്ട് ,​വിളവില്ലാ...

rubber

കണ്ണൂർ: മലഞ്ചരക്ക് ഉത്പന്നങ്ങൾക്ക് സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്ന കാലത്ത് ഉത്പാദനക്കുറവിൽ താറുമാറായി കാർഷികമേഖല. റബ്ബർ, മഞ്ഞൾ, കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്കാണ് ഉത്പാദനക്കുറവ് മൂലം വില വർദ്ധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കാതെ പോകുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലകൾ കാർഷികോദ്പാദനക്കുറവ് മൂലം കടുത്ത പ്രതിസന്ധിയിൽ വീണുപോയ സാഹചര്യമാണ് നിലവിലുള്ളത്.

കുരുമുളകും റബ്ബറും തേങ്ങയും അടക്കയുമെന്നു തുടങ്ങി സകല വിളകളുടെയും ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കുരുമുളക് വള്ളികൾ രോഗം ബാധിച്ചും ചൂടു മൂലവും ഉണങ്ങിക്കരിഞ്ഞുപോകുകയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും ചൂടും മഴക്കുറവുമാണ് പ്രധാന കാരണം. വേണ്ട രീതിയിൽ തണുപ്പില്ലാതിരുന്നതാണ് റബ്ബർ ഉത്പാദനം ഗണ്യമായി കുറഞ്ഞതിന് പിന്നിൽ. മഴക്കാലം മാറാൻ വൈകിയതും വിളവെടുപ്പിനെ ബാധിച്ചു.ടാപ്പിംഗ് നടത്തി പാൽ എടുക്കുന്ന തൊഴിലാളികളുടെ അഭാവത്തിൽ ഷെല്ലുകളാക്കിയാണ് ഭൂരിഭാഗം തോട്ടങ്ങളിലും റബ്ബർ‌ ശേഖരിക്കുന്നത്. കശുവണ്ടി,​ തേങ്ങ എന്നിവയുടെ ഉത്പാദനത്തിലും ഗണ്യമായ കുറവാണ് കണ്ണൂർ,​കാസർകോട് ജില്ലകളിൽ ഉണ്ടായിരിക്കുന്നത്.

ശോകമൂകമായി മലഞ്ചരക്ക് കടകൾ

സാധാരണ നിലയിൽ മലഞ്ചരക്ക് ശേഖരിക്കുന്ന മലയോരമേഖലകളിലെ കടകളിൽ ഡിസംബർ തൊട്ട് വലിയ തിരക്കുള്ള കാലമാണ്. എന്നാൽ ഇരിട്ടി, ചെറുപുഴ, തുടങ്ങിയ മലയോരപട്ടണങ്ങളിൽ പോലും ഇക്കുറി മലഞ്ചരക്കു കടകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഡിസംബർ മുതൽ മാർച്ച് വരെ സാധാരണ നിലയിൽ അൻപത് ലോഡ് റബ്ബർ പോകുന്നിടത്ത് ഇക്കുറി പതിനഞ്ച് മുതൽ ഇരുപത് വരെ ലോഡുകൾ മാത്രമെ കയറ്റിയയക്കാൻ സാധിച്ചിട്ടുള്ളുവെന്നാണ് ചെറുപുഴയിലെ ഒരു പ്രമുഖ മലഞ്ചരക്ക് വ്യാപാരി വെളിപ്പെടുത്തിയത്. കശുവണ്ടിയുടെ കാര്യം ഇതിലും കുറവാണ്. ദിനംപ്രതി ഏഴുമുതൽ ഒൻപത് വരെ ചാക്ക് കശുവണ്ടി കിട്ടിയിരുന്നിടത്ത് ഒരു ചാക്ക് തികച്ച് ലഭിക്കുന്നില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഈ സീസണിൽ സാധാരണ ഉള്ളതിലും മൂന്നിലൊന്ന് ചരക്ക് മാത്രമെ ലഭിച്ചിട്ടുള്ളുവെന്നും ഇദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ തേങ്ങയ്ക്കാണ് ഉത്പാദനക്കുറവ് കൂടുതൽ ബാധിച്ചിട്ടുള്ളത്. 300 മുതൽ അഞ്ഞൂറു വരെ ലോഡ് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നിടത്ത് ഇക്കുറി ഒരു ലോഡ് പൂർണമായി നിറച്ചെടുക്കാൻ സാധിക്കുന്നില്ലെന്ന അനുഭവവും ഇദ്ദേഹം തുറന്നുപറഞ്ഞു. കൊട്ടടക്ക തീരെ എത്തുന്നില്ലെന്നും ഈ മലഞ്ചരക്ക് വ്യാപാരി വെളിപ്പെടുത്തി.


റബ്ബറും കുരുമുളകുമാണ് പ്രധാന വരുമാനം. ഈ വർഷം മുടക്കുമുതലും കഴിച്ച് വളരെ തുച്ഛമായ തുകയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ കൃഷിയുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണ്. സി.എ കമലാക്ഷൻ,പെരളം (റബ്ബർ കർഷകൻ)

സീസണായിട്ടും ഈ വർഷം മലഞ്ചരക്ക് വളരെ കുറവാണ് ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ എത്തിയതിന്റെ പാതി പോലും കടയിൽ എത്തിയിട്ടില്ല. ഹക്കീം (മലഞ്ചരക്ക് വ്യാപാരി,​ചെറുപുഴ)

മലഞ്ചരക്ക് വില

കുരുമുളകിന് ക്വിന്റലിന്- 62,000 മുതൽ 68,000 വരെ

അടക്ക 32,000

റബ്ബർ 17,000 മുതൽ 19,000 വരെ

മഞ്ഞളിന് കിലോയ്ക്ക് 200

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL