
ചിറക്കൽ: ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം മഹാ കളിയാട്ടത്തിൽ വിഷ്ണുമൂർത്തിയുടെ ഇക്കുറി തീക്കോലമണിയുന്നത് തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് മൂന്നാം വർഷഡിഗ്രി ഫിലോസഫി വിദ്യാർത്ഥി അഴീക്കോട് പൂതപ്പാറ കരുവയൽ കെ.വി.വിഷ്ണു പണിക്കർ. ഈ മാസം 28ന് ആരംഭിക്കുന്ന മഹാകളിയാട്ടത്തിൽ 30ന് പുലർച്ചെ 5നാണ് വിഷ്ണുമൂർത്തിയുടെ അഗ്നിക്കോലം.
2018 ൽ അഴീക്കോട്ട് പുതിയ മുണ്ടയാട്ട് തീച്ചാമുണ്ഡി കെട്ടിയാടിയതു വഴിയാണ് വിഷ്ണുവിന് പട്ടും വളയും പണിക്കർ സ്ഥാനവും ലഭിച്ചത്.തുടർന്ന് മൂന്നു നിരത്ത് വയലിൽ കോട്ടത്തും തീച്ചാമുണ്ഡി കെട്ടിയാടി.വിഷ്ണുപണിക്കരുടെ മൂന്നാമത്തെ അഗ്നിക്കോലമാണ് ചിറക്കൽ ചാമുണ്ഡി കോട്ടത്ത് മഹാകളിയാട്ടത്തിൽ ഇക്കുറി .ഏപ്രിൽ രണ്ടിന് മൈലാടത്തടം നാലുപുരക്കൽ പുത്തരിക്കൽ ധർമ്മദൈവ സ്ഥാനത്ത് അഗ്നി ഘണ്ടാകർണൻ തെയ്യം പകർന്നാടുന്നതും വിഷ്ണു പണിക്കരാണ്.വിഷ്ണുമൂർത്തിക്കു പുറമെ പൊട്ടൻ, ഘണ്ടാകർണൻ എന്നീ അഗ്നിക്കോലങ്ങളും ശ്രദ്ധേയങ്ങളായ വിവിധ കോലങ്ങളും നിരവധി സ്ഥാനങ്ങളിലായി ഇതിനകം കെട്ടിയാടിയിട്ടുണ്ട്.
അഗ്നിക്കോലധാരിയായി അടയാളം വാങ്ങിയ വിഷ്ണു പണിക്കർ 28 മുതൽ തന്നെ വ്രതത്തിലാണ്.അഴീക്കോട് പൂതപ്പാറ കരുവയൽ ശ്രീജിത്ത് പൊന്നു പണിക്കരുടെയും ശ്രീജയുടെയും മകനും പ്രശസ്ത തെയ്യാട്ടക്കാരനായിരുന്ന കരുവയൽ രാമകൃഷ്ണ പണിക്കരുടെ പേരമകനുമാണ് വിഷ്ണു പണിക്കർ. നാൽപത്തിയഞ്ച് വർഷത്തിനു ശേഷം ആദ്യമായി നടന്ന പെരുങ്കളിയാട്ടത്തിൽ ജന്മാധികാരി മുരളി പണിക്കരുടെ മകനും ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിരാമായിരുന്നു വിഷണുമൂർത്തിയുടെ അഗ്നിക്കോലം കെട്ടിയാടിയത്. 121 തവണ അഗ്നി പ്രവേശനം നടത്തിയ അഭിരാമിന് ചിറക്കൽ കോവിലകത്തു നിന്ന് പണിക്കർ സ്ഥാനവും പട്ടും വളയും നൽകിയിരുന്നു. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ അഗ്നിക്കോലം കെട്ടിച്ചത് അന്ന് ഏറെ വിവാദവുമുയർത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |