
കണ്ണൂർ: ദുർഘടമായ വഴികളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്നതിലെ പ്രയാസം കണക്കിലെടുത്ത് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി കൂടുതൽ ആദിവാസി ഉന്നതികളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ നീക്കം. വനമേഖലകളിൽ താമസിക്കുന്ന ഗോത്രവർഗ്ഗ കുടുംബങ്ങളുടെ സൗകര്യം മുൻനിർത്തി ജില്ലാ സപ്ളൈ ഓഫീസർമാരിൽ നിന്നും അപേക്ഷ ലഭിക്കുന്ന മുറക്ക് കൂടുതൽ ആദിവാസി ഉന്നതികളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
നിലവിൽ കണ്ണൂരിന് പുറമെ തിരുവന്തപുരം,പത്തനംതിട്ട,ഇടുക്കി,എറണാകുളം ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,തൃശ്ശൂർ എന്നീ ജില്ലകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.തലശ്ശേരി താലൂക്കിൽ 139,ഇരിട്ടിയിൽ 113,തളിപ്പറമ്പിൽ 23 വീതം കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. ആറളം ചതിരൂർ 110, വിയറ്റ്‌നാം, അയ്യൻകുന്ന് എടപ്പുഴ അംബേദ്കർ, കൊട്ടിയൂർ കൂനംപള്ള, കേളകം രാമച്ചി പണിയ, രാമച്ചി കുറിച്യ കോളനികളിലേക്കും തലശ്ശേരി കോളയാട് പറക്കാട്, കൊളപ്പ, പാട്യത്തെ മുണ്ടയോട്, കടവ് കോളനികളിലേക്കും പയ്യാവൂർ ഏറ്റുപാറ കോളനി എന്നിവിടങ്ങളിലുമാണ് നിലവിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ സേവനം ലഭിക്കുന്നത്.
സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കടകൾ
137 ആദിവാസി ഉന്നതികൾ
64 റേഷൻ കടകൾ
43 വാഹനങ്ങൾ
ലക്ഷ്യം വലുതാണ്
ചൂഷണത്തിന് ഇടവരാതെ അർഹതപ്പെട്ട റേഷൻ താമസ സ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുക
ദുർഘടമായ പാതയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക
അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
മാസത്തിൽ രണ്ടു തവണ എത്തും
മാസത്തിൽ രണ്ടു തവണയാണ് ഭക്ഷ്യ ഉത്പ്പന്നങ്ങളുമായി ഉന്നതികളിൽ വാഹനമെത്തുന്നത്.ഡ്രൈവർക്ക് പുറമെ റേഷൻ ഇൻസ്പെക്ടറും വിതരണക്കാരുമുണ്ടാകും.രാവിലെ പത്ത് മുതൽ വിതരണം തുടങ്ങും.അരി,ഗോതമ്പ്,ആട്ട ,പഞ്ചസാര,മണ്ണെണ്ണ എന്നിവയ്ക്ക് പുറമെ ഓണകിറ്റുകളും വിതരണം ചെയ്യും.വാഹനങ്ങൾ വാടകക്കെടുത്താണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |