
കണ്ണൂർ: ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു എവറസ്റ്റ് നേരിൽ കാണണമെന്ന്. എപ്പോഴായാലും അത് സാധിക്കുമെന്ന് അന്നേ മനസ്സിൽ കുറിച്ചതാണ് '- അൻപത്തൊമ്പതാം വയസിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി ലോകത്തെ ഉയർന്ന കൊടുമുടി കണ്ടതിന്റെ ത്രില്ലിലാണ് തളിപ്പറമ്പ് തൃച്ഛംബരം സ്വദേശി ചെറുവീട്ടിൽ വാസന്തി ഇപ്പോഴും. കഴിഞ്ഞ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഈ വീട്ടമ്മ ബേസ് ക്യാമ്പിലേക്ക് നടന്നുകയറിയത്. ഫെബ്രുവരി ഒൻപതിനാണ് സാവിത്രി വീട്ടിൽ നിന്നും എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്ര പുറപ്പെട്ടത്. ഒറ്റക്കായിരുന്നു യാത്ര.15ന് സുർക്കെയിലെത്തി അവിടുന്ന് എട്ട് ദിവസം നീണ്ട ട്രക്കിംഗിനൊടുവിൽ 23ന് ഉച്ചയോടെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് നടന്നുകയറുമ്പോഴുണ്ടായ വികാരം പറഞ്ഞറിയിക്കാനാകില്ലെന്ന് വാസന്തി പറയുന്നു.ജീവിതത്തിൽ നേരിട്ട നിരവധി പ്രതിസന്ധികളിൽ നിന്നുള്ള ഊർജ്ജമാണ് തനിക്ക് ഒറ്റക്ക് യാത്ര ചെയ്യാനുള്ള ധൈര്യം നൽകിയതെന്ന് വാസന്തി പറയുന്നു. പോയാൽ അമ്മ എന്തായാലും തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്ന മക്കളായ വിനീതും വിവേകും പറഞ്ഞതോടെ കരുത്ത് ഇരട്ടിയായി.
വർഷങ്ങളായി ചെയ്യുന്ന തയ്യൽ ജോലിയിൽ നിന്നും സ്വരുകൂട്ടി വച്ചതും മക്കൾ നൽകിയതുമായ തുക ചിലവിന് ഉപകരിച്ചു. ബാക്കിയുള്ള തുകയ്ക്കായി സ്വർണവളയും പണയപ്പെടുത്തി.
അൻപത്തിയൊൻപതാം വയസിൽ ഉള്ള ചെറിയ ആരോഗ്യ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് എത്തിപ്പെടുന്നതിന് തടസമേയായില്ലെന്ന് വാസന്തി പറഞ്ഞു. തുടക്കത്തിൽ നടന്നു കയറാൻ പറ്റുന്ന വഴികളാണെങ്കിലും പോകെ പോകെ ദുർഘടമായി.വളരെ ഇടുങ്ങിയതായിരുന്നു മുന്നോട്ടുള്ള വഴികൾ. ഗൈഡിനൊപ്പമായിരുന്നു യാത്ര. പക്ഷെ പലപ്പോഴും കിലോമീറ്ററുകൾ കഴിഞ്ഞാൽ മാത്രമെ ഗൈഡിനെ കാണാൻ സാധിക്കുകയുള്ളു. വലിയ പാറയും കല്ലുമെല്ലാം ഏന്തി വലിഞ്ഞ് കയറിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ലെന്ന് വാസന്തി പറഞ്ഞു. ആരോഗ്യ സ്ഥിതിയെ കുറിച്ച് കൃത്യമായ ധാരണ ഉള്ളതിനാൽ പതുക്കെയായിരുന്നു യാത്ര.ബേസ് ക്യാമ്പിൽ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് നിങ്ങൾക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കുമോയെന്ന് ആരാഞ്ഞിരുന്നു. തിരിച്ചുപോയാലോ എന്നും അദ്ദേഹം ചോദിച്ചു. പക്ഷെ ലക്ഷ്യസ്ഥാനത്തെത്താതെ മടങ്ങില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒടുവിൽ ബേസ് കാമ്പിലെത്തിയപ്പോൾ അയേൺ ലേഡി എന്ന് വിളിച്ച് അതെ ഗൈഡ് അഭിനന്ദിക്കുകയും ചെയ്തെന്നും വാസന്തി പറഞ്ഞു.
വാസന്തിയുടെ ഭർത്താവ് ലക്ഷ്മണൻ അൽഷിമേഴ്സ് ബാധിച്ച് രണ്ട് വർഷം മുൻപാണ് മരിച്ചത്.
ഇനി ലക്ഷ്യം വൻമതിൽ
ചൈന വൻമതിൽ കാണുകയാണ് അടുത്ത ലക്ഷ്യം.ഇതിനായി മക്കളുടെ പൂർണ്ണ പിന്തുണയുണ്ട്.തയ്യാറെടുപ്പുകൾ തുടങ്ങിയതായി വാസന്തി പറഞ്ഞു.വീട്ടിൽ അടച്ചിരിക്കുമ്പോഴാണ് ഭയമുണ്ടാകുന്നത്.പുറത്തിറങ്ങിയാൽ വിശാലമായ ലോകം നമ്മളെ കാത്തിരിപ്പുണ്ടെന്നും വാസന്തി പറഞ്ഞു.നേരത്തെ തായ്ലെൻഡിലേക്കും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ട്.ഗൂഗിൽ നോക്കിയാണ് യാത്രയ്ക്കുള്ള സ്ഥലം നിശ്ചയിക്കുന്നത്. ഓരോ യാത്രയും നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും വാസന്തി പറഞ്ഞു.കെ.എസ്.ആർ.ടി.സി ബസിൽ മൂന്നാറിലേക്ക് നടത്തിയ യാത്രയാണ് വാസന്തിയെ ഇന്ന് വലിയ യാത്രകളിലേക്കുള്ള വഴി തുറപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |