SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

ഇക്കുറി കാർത്തിക നേരത്തെ ; പൂരോത്സവത്തിനൊരുങ്ങി കാവുകളും കഴകങ്ങളും

panthal

പയ്യന്നൂർ: പൂരോത്സവത്തിന് ഒരുങ്ങി വടക്കൻ കേരളത്തിലെ കാവുകളും ക്ഷേത്രങ്ങളും.പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പൂരം നക്ഷത്രം വരുന്നത് നേരത്തെയാണ്. സാധാരണ മീന മാസം ആദ്യമോ , മദ്ധ്യത്തിലോ വരുന്ന പൂരം നക്ഷത്രം ഇക്കുറി മീനം 27നാണ് ( ഏപ്രിൽ 10 ) .കാർത്തിക നാളിൽ തുടങ്ങി പൂരം നക്ഷത്രദിനത്തിൽ പൂരം കുളിച്ച് മാടം കയറുന്ന ചടങ്ങാണ് വടക്കരുടെ പൂരോത്സവം.

ഇക്കുറി മീനം 19 (ഏപ്രിൽ 2) നാണ് കാർത്തിക നക്ഷത്രം. അന്ന് മുതലാണ് പൂരം കഴകം കയറുന്നത്. ചില ക്ഷേത്രങ്ങളിൽ ഇതിൽ നിന്ന് വ്യത്യസ്തമായി ആചാരാനുഷ്ഠാനങ്ങളിൽ ചില വ്യത്യാസങ്ങൾ കാണാറുണ്ടെങ്കിലും പൂരോത്സവത്തിന്റെ സമാപനമായ പൂരംകുളി പൂരം നക്ഷത്രദിവസമാണ് നടക്കുന്നത്.

മാടായിക്കാവിലെ പൂരംകുളി ഏറെ പ്രസിദ്ധമാണ്.കാർത്തിക നാളിലാണ് പൂരം കഴകം കയറുന്നതെങ്കിലും മിക്കവാറും കാവുകളിലും ക്ഷേത്രങ്ങളിലും പുറത്ത് പൂരക്കളി പരിശീലനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പൂരോത്സവത്തിന്റെ ഭാഗമായി മറുത്തുകളി നടക്കുന്ന ക്ഷേത്രങ്ങളിൽ പണിക്കരെ കൂട്ടി കൊണ്ട് വരുന്നത് ആഘോഷപൂർവ്വം നടക്കുന്ന ചടങ്ങുകളിലൊന്നാണ്. പരമ്പരാഗത രീതിയിൽ വ്രതശുദ്ധിയോടെ ഓല പന്തൽ ഒരുക്കി അതിൽ ദൈവത്തറ ഉണ്ടാക്കി അഷ്ടദിക്പാലകരെ സങ്കൽപ്പിച്ച് ദൈവത്തറയിലും എട്ട് തുണുകളിലും പൂവിട്ട് പുരക്കളി പരിശീലനം നടക്കും. പരിശീലനവും പൂവിടലും കളി കഴകം കയറുന്നത് വരെ തുടരും . അതിന് ശേഷമാണ് മറുത്തുകളി.

കുഞ്ഞിമംഗലം അണിക്കര ക്ഷേത്രത്തിലെ 'പന്തൽ വലി ' പ്രസിദ്ധമാണ്. മല്ലിയോട്ട് ക്ഷേത്രത്തിലെ ആചാരക്കാരും പൂരക്കളി പണിക്കൻമാരും കളിക്കാരും ചെന്ന് പുറപന്തലിൽ മറുത്തുകളി ആരംഭിച്ച് പന്തൽ വലിച്ച് നീക്കുന്ന ഏറെ വീറും വാശിയുമുള്ള ചടങ്ങാണിത് .പണിക്കരെ കൂട്ടി കൊണ്ട് വന്ന് പൂരം വരെ എല്ലാ ദിവസവും പൂരക്കളിയും വിവിധ ചടങ്ങുകളും ക്ഷേത്രങ്ങളിൽ നടക്കും .

പന്തൽ കഞ്ഞി ,വലിയ കഞ്ഞി ,കളി ഒക്കൽ , പന്തലിൽ പൊന്ന് വെക്കൽ , ചങ്ങാത്തം ചോദിക്കൽ തുടങ്ങിയ ചടങ്ങുകൾ കാണുവാൻ നാടൊന്നാകെ ക്ഷേത്രങ്ങളിൽ എത്തുന്നത് പതിവാണ്. പൂരോത്സവം മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടെങ്കിലും വടക്കൻ കേരളത്തിലെ ഏഴ് സമുദായ ക്ഷേത്രങ്ങളിലാണ് പൂരക്കളി നടക്കുന്നത്. പൂരത്തിന് ആറു ദിവസം മുൻപ് മറുത്തുകളി തുടങ്ങും.

ഭഗവതിമാർ പൂരംകുളിച്ച് മാടം കയറും

കാവുകളിലും കഴകങ്ങളിലും ദേവസ്ഥാനങ്ങളിലും പൂരോത്സവം വളരെ പ്രധാന്യത്തോടെയാണ് കൊണ്ടാടുന്നത്. പിലിക്കോട് രയരമംഗലം ക്ഷേത്രം പോലുള്ള ചിലയിടങ്ങളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പൂരോത്സവമാണ് ആചരിക്കുന്നത്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും കാർത്തിക തൊട്ട് പൂരം വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ശാലിയസമുദായ ക്ഷേത്രങ്ങളിൽ പൊറാട്ടും ഇതോടനുബന്ധിച്ച് നടന്നുവരുന്നു.ഉത്സവസമാപനം കുറിച്ച് പൂരം നാളിൽ ഭഗവതിമാർ പൂരം കുളിച്ച് മാടം കയറുന്നതോടെയാണ് പൂരോത്സവം സമാപിക്കുന്നത്.

തറവാടുകളിൽ പൂരോത്സവം

കാർത്തിക തൊട്ടുള്ള ദിവസങ്ങളിൽ ഋതുമതികളാക്കാത്ത പെൺകുഞ്ഞുങ്ങൾ വീടുകളിൽ കിണറ്റിൽ കരയിലും പടിഞ്ഞാറ്റയിലും തറവാട് സ്ഥാനങ്ങളിലും വ്രതശുദ്ധിയോടെ കാമദേവന് പൂക്കൾ നിവേദിക്കും. പൂരം നാളിൽ ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിഞ്ഞി പൂ, ചെക്കിപ്പൂ, അശോകപ്പൂ, ജടപ്പൂ, മുല്ലപ്പൂ, ചേമന്തി, താമരപൂ, മല്ലികപ്പൂ തുടങ്ങിയ പൂക്കൾ കൊണ്ട് കാമദേവരൂപം ഉണ്ടാക്കും. കുത്തരി ഉപയോഗിച്ചുള്ള പൂരക്കഞ്ഞിയും പൂര അടയും അപ്പവും കാമന് സമർപ്പിക്കും. പൂരദിവസം സമാപിക്കുമ്പോൾ വരിക്കപിലാവിന്റെ ചുവട്ടിലേക്ക് പ്രാർത്ഥനയോടെ കാമദേവനെ പറഞ്ഞയക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL