
കണ്ണൂർ: ട്രെയിൻ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്ന ഉത്തരേന്ത്യക്കാരടങ്ങിയ സംഘം അറസ്റ്റിൽ. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് റെയിൽവേ സുരക്ഷാസേന കണ്ണൂർ, റെയിൽവേ ക്രൈം ബ്രാഞ്ച് പാലക്കാട് എന്നിവർ സംയുക്തമായി കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ പരിശോധനയിലാണ ഒഡിഷ സ്വദേശി ഇന്ധർ ഉദ്ധിൻ(28), വെസ്റ്റ് ബംഗാൾ സ്വദേശി മിർജ സബേത് (26)എന്നിവരുൾപ്പടെയുള്ള മൂന്ന് പേർ പിടിയിലായത്, വേനൽ അവധിയും ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളും വരാൻ പോകുന്ന സാഹചര്യത്തിൽ ട്രെയിനുകളിൽ തിരക്കേറി ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപ്പന.
ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്, നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എ.പി.ദീപക്, അസി.സബ് ഇൻസ്പെക്ടർ വി.വി. സഞ്ജയ് കുമാർ, കെ.വി.മനോജ് കുമാർ, ഷാജു കുമാർ, ശിൽന, ഹെഡ്കോൺസ്റ്റബിൾമാരായ പി.രതീഷ് കുമാർ, ഒ.കെ. അജീഷ്, സജേഷ്, പ്രണവ്, രഘുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തലശ്ശേരി കോടതിൽ ഹാജരാക്കി.
പിടിച്ചെടുത്തത് അരലക്ഷത്തിന്റെ ടിക്കറ്റുകൾ
50,000 രൂപയിലധികം രൂപയുടെ ടിക്കറ്റുകളാണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
തട്ടിപ്പ് ഇങ്ങനെ
തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത് തരപ്പെടുത്തും
2000 രൂപയിൽ മുകളിലേക്ക് അധിക തുക ഈടാക്കി വിൽക്കും
ആവശ്യക്കാരൻ മറ്റ് വഴികളില്ലാതെ വൻവിലയ്ക്ക് ടിക്കറ്റുകൾ വാങ്ങും
വേനലവധി,വിഷു, റംസാൻ, എന്നിവയിലെ തിരക്ക് മുതലെടുക്കും
ട്രെയിനുകളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വില്പന നടത്തുന്ന കുറ്റക്കാർക്കെതിരെ കർശന നടപടിയാണ് റെയിൽവേ സുരക്ഷാസേന രംഗത്ത് വന്നിരിക്കുന്നത്. ഇനിയും കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കും-ആർ.പി.എഫ് ഇൻസ്പെക്ടർ ജെ.വർഗീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |