
കണ്ണൂർ: കൃഷിയിടങ്ങളിൽ ശല്യമാകുന്ന കാട്ടുപന്നിയെ വെടിവയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ രൂപീകരിച്ച ഷൂട്ടേഴ്സ് സംഘങ്ങളിൽ തോക്ക് ലൈസൻസില്ലാത്തവരും നിരവധി. കഴിഞ്ഞദിവസം കൈതപ്രത്ത് ഓട്ടോഡ്രൈവർ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിൽ പിടിയിലായ പെരുമ്പടവിലെ എൻ.കെ. സന്തോഷ് കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ള ഷൂട്ടേഴ്സ് സംഘത്തിലെ അംഗമാണ്. എന്നാൽ ഇയാൾക്ക് തോക്ക് ലൈസൻസില്ല. നാടൻ കള്ളത്തോക്കാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ഷൂട്ടേഴ്സ് സംഘത്തിലെ അംഗമെന്ന നിലയിൽ ഇയാൾ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും പൊലീസ് പരിശോധനയോ അന്വേഷണമോ നടത്താതിരുന്നത് ഇയാൾ ഷൂട്ടേഴ്സ് സംഘാംഗമായതിനാലാണ്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് അടുത്തകാലത്ത് അവയെ വെടിവെച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ തലത്തിൽ ഷൂട്ടേഴ്സ് സംഘത്തെ നിയോഗിച്ചു തുടങ്ങിയത്.
ഇതിന്റെ മറവിൽ വന്യമൃഗങ്ങളെ വേട്ടയാടുന്നവരും സംഘത്തിൽ ഇടംപിടിക്കുന്നുണ്ട്. ചിലർ വന്യമൃഗങ്ങളെ വേട്ടയാടാൻ പോകവെ വനം വകുപ്പ് പൊലീസ് പിടിയിലായാൽ ഷൂട്ടേഴ്സ് സംഘത്തിലെ അംഗമാണെന്ന് കാണിച്ച് രക്ഷപ്പെടുന്ന സംഭവമുണ്ടായിട്ടുണ്ട്.
പരിഹാരം അകലെ
കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിച്ചിട്ടും കണ്ണൂർ, കാസർകോട് ജില്ലകളിലെ കർഷകരുടെ ദുരിതത്തിന് പരിഹാരമില്ല. വിരലിലെണ്ണാവുന്ന കർഷകർക്ക് മാത്രമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള തോക്ക് ലൈസൻസ് ഉള്ളത്. ഇവരിൽ പലർക്കും എല്ലായിടങ്ങളിലും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യവും ഉണ്ട്. ഇതോടെ നിയമം ഉണ്ടായിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ദുതിതംപേറുകയാണ് കർഷകർ. രാത്രിയിൽ കൂട്ടമായെത്തി കാട്ടുപന്നികൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിനാൽ കർഷകർ ഉറക്കമൊഴിച്ച് കൃഷിക്ക് കാവൽ നിൽക്കുകയാണ്. നിലവിൽ പല നിറത്തിലുള്ള വസ്ത്രങ്ങളും പ്ലാസ്റ്റിക്ക് ഷീറ്റുകളും ഉപയോഗിച്ച് വേലി കെട്ടി തിരിച്ചാണ് കൃഷി സംരക്ഷിക്കുന്നത്. എന്നാൽ, ഇതെല്ലാം നശിപ്പിച്ച് പന്നികൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുകയാണ്. പാകമായ കിഴങ്ങ് വർഗ്ഗങ്ങൾ, നെല്ല്, മറ്റു വിളകൾ എന്നിവ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |