
കണ്ണൂർ: മൃതദേഹങ്ങൾ സംസ്കരിക്കാൻ സംവിധാനം ഒരുക്കുന്നതിൽ കോർപറേഷന്റെ കാര്യക്ഷമതയില്ലായ്മ ഒരിക്കൽ കൂടി പ്രകടമായ ദിവസമായിരുന്നു ഇന്നലെ. പള്ളിക്കുന്ന്, അതിരകം, അലവിൽ എന്നിവിടങ്ങളിൽ നിന്നും എത്തിച്ച മൃതദേഹങ്ങൾ സംസ്കരിക്കാൻ ചിരട്ട സ്വന്തം നിലയിൽ എത്തിക്കാനായിരുന്നു അധികൃതരുടെ നിർദ്ദേശം. ഒടുവിൽ ബന്ധുക്കൾ തന്നെ പലയിടങ്ങളിൽ നിന്നും ശേഖരിച്ച ചിരട്ട ഉപയോഗിച്ചായിരുന്നു സംസ്കാരം നടത്തിയത്.
ആരുടെയും മനസലിയിക്കുന്ന കാഴ്ചയായിരുന്നു പയ്യാമ്പലം ശ്മശാനത്തിൽ ഇന്നലെ. കഴിഞ്ഞ ദിവസം മരിച്ചയാളുടെ മൃതദേഹവുമായി രാവിലെ പത്തരയോടെ ശ്മശാനത്തിലെത്തിയ സംഘത്തോട് ചിരട്ടയില്ല എന്ന് പറഞ്ഞ് ഉത്തരവാദിത്വം ഒഴിയുകയായിരുന്നു അധികൃതർ. ചിരട്ട എടുക്കാൻ പോയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഏറെ വൈകിയിട്ടും ചിരട്ടക്കായി പോയവരെ കാണാതെ ഒടുവിൽ ബന്ധുക്കളോട് തന്നെ ചിരട്ട എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ വീടുകളിൽ എത്തി ചിരട്ട ശേഖരിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. ഇതിന് പിന്നാലെ എത്തിച്ച രണ്ട് മൃതദേഹങ്ങളും ഇതെ രീതിയിലാണ് ദഹിപ്പിച്ചത്.
ബന്ധുക്കളും ശ്മശാന നടത്തിപ്പുകാരുമായി വലിയ തർക്കവും ഇതെ തുടർന്നുണ്ടായി.
ടെൻഡർ എത്തിയില്ല, ചിരട്ട തീർന്നു
ടെൻഡറുകൾ വിളിച്ചാണ് കോർപ്പറേഷൻ ശ്മശാനത്തിലേക്കാവശ്യമായ ചിരട്ടകൾ എത്തിക്കുന്നത്. എന്നാൽ നിലവിൽ കാലാവധി കഴിഞ്ഞിട്ടും പുതിയ ടെൻഡർ വിളിച്ചിട്ടില്ല. ചിരട്ട ഇതിനകം തീരുകയും ചെയ്തു. നിലവിൽ കോർപറേഷൻ നേരിട്ടാണ് ചിരട്ട സംഭരിക്കുന്നത്. നാളുകളായി പയ്യാമ്പലത്ത് ചിരട്ട ക്ഷാമം തുടരുകയാണ്. ഇത് സംബന്ധിച്ച് കൗൺസിൽ യോഗങ്ങളിൽ മാസങ്ങൾക്ക് മുമ്പെ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും മേയറടക്കമുള്ളവർ യാതൊരു ഇടപെടലും നടത്താൻ തയ്യാറായിട്ടില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.
മൂന്നുതവണ ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
അമിതമായ പൈസ മിക്ക ആളുകളും ആവശ്യപ്പെടുന്നത്. നേരത്തെയുള്ള പതിനെട്ട് രൂപ 23 രൂപ ആയി ഉയർത്തണമെന്നാണ് ടെൻഡറിൽ പങ്കെടുക്കുന്നവരുടെ ആവശ്യം. മറ്രൊരു മാർഗം കാണാൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല. നേരത്തെ ടെൻഡർ എടുത്തവർക്ക് പണം കൊടുക്കാൻ ബാക്കിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് പ പരിശോധിക്കണം-ഡെപ്യൂട്ടി മേയർ പി.ഇന്ദിര
സ്ട്രക്ച്ചറിൽ ചിരട്ടയുമായി സിപിഎം
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ചിരട്ടയില്ലാത്തതിൽ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജന്റെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് സ്ട്രക്ച്ചറിൽ ചിരട്ടയുമായി പ്രതിഷേധം സംഘടിപ്പിച്ചു. കോർപ്പറേഷന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും എം.വി ജയരാജൻ പറഞ്ഞു.
മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുത്. കൊവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇന്ന് പയ്യാമ്പലത്ത് നടന്നത്. അടിയന്തരമായി ചിരട്ട എത്തിക്കാനും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് ടെൻഡർ നൽകാനും കോർപ്പറേഷൻ തയ്യാറാകണം. കോർപ്പറേഷന്റെ വികസന മുരടിപ്പിനും അഴിതിക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ കൂടെ ഈ വിഷയവും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുകയാണ്- എം.വി ജയരാജൻ
ഈ വിഷയം മുന്നേ കൗൺസിലിൽ ഉന്നയിച്ചതാണ്. യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. പ്രശ്നം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ചിരട്ട എത്തിക്കാൻ ബദൽ സംവിധാനങ്ങൾ ഉണ്ടാക്കണം - ടി രവീന്ദ്രൻ
വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |