
കണ്ണൂർ: മുഴപ്പിലങ്ങാട് സൂരജ് വധകേസിൽ തുടക്കത്തിൽ 10 പ്രതികളാണുണ്ടായിരുന്നത്. കുറ്റപത്രം നൽകുമ്പോൾ രണ്ട്, അഞ്ച് പ്രതികളെ കണ്ടുകിട്ടാനുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ രണ്ടുപേരെയും കണ്ടെത്താനായില്ല. 2012ൽ ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരം രജീഷിനെയും പി.എം. മനോരാജിനേയും കേസിൽ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി. പ്രതികൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവർ അടക്കമുള്ള സാക്ഷികൾ പ്രതികളെ കണ്ട് തിരിച്ചറിഞ്ഞു.
താനും മനോരാജും കൊലപാതകസംഘത്തിൽ ഉൾപ്പെട്ടിരുന്നതായി രജീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി സി.ഐ ആയിരുന്ന ടി.കെ.രത്നകുമാറാണ് തുടരന്വേഷണം നടത്തിയത്.കണ്ണൂർ സിറ്റി സി.ഐ ആയിരുന്ന എം.ദാമോദരനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. 2010ൽ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്വ.പി.പ്രേമരാജനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.എൻ.ആർ.ഷാനവാസ് എന്നിവർ ഹാജരായി.
ഗൂഢാലോചന നടത്തി; കൃത്യം നടപ്പാക്കി
പ്രഭാകരൻ , കെ.വി. പത്മനാഭൻ, രവീന്ദ്രൻ എന്നിവർ മുഴപ്പിലങ്ങാട് കുളം ബസാറിലുള്ള ലോട്ടറി സ്റ്റാളിനടുത്തുവെച്ചും കൂടക്കടവ് കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനകത്തു വച്ചും ഗൂഢാലോചന നടത്തി. സൂരജിനെ കൊല ചെയ്യാൻ പി.കെ. ഷംസുദ്ദീനെ ചുമതലപ്പെടുത്തി.കൃത്യം ഏറ്റെടുത്ത ഷംസുദ്ദീൻ എൻ.വി.യോഗേഷിനെയും ഷംജിത്തിനെയും പി.എം. മനോരാജിനെയും ഏർപ്പാടാക്കി. മനോരാജ് ടി.കെ.രജീഷിനെയും ചുമതലപ്പെടുത്തിയ ശേഷം 2005 ആഗസ്ത് 7ന് രാവിലെ 8.40ന് മഴു, വാൾ തുടങ്ങിയ മാരകായുധങ്ങളുമായി നെയ്യോത്ത് സജീവൻ ഓടിച്ച ഓട്ടോറിക്ഷയിൽ മുഴപ്പിലങ്ങാട് എഫ്.സി.ഐ ജംഗ്ഷനിലെത്തി. ആയുധങ്ങളുമായി എത്തിയ പ്രതികളെ കണ്ട വീട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതിനിടയിൽ സൂരജ് ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്‌ചേഞ്ചിനടുത്തുള്ള മൈൽക്കുറ്റിയിൽ തട്ടി വീഴുകയുമായിരുന്നു. വെട്ടടാ കൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് യോഗേഷ് സൂരജിന്റെ കഴുത്തിന് വെട്ടുകയും പിന്നാലെ ഓടിയെത്തിയ ടി.കെ.രജീഷ് മഴു കൊണ്ട് തലയ്ക്കും ഷംസുദ്ദീൻ, ഷംജിത്ത്, മനോരാജ് എന്നിവർ വാളു കൊണ്ട് ശരീര മാസകലവും വെട്ടുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പുതിയ പുരയിൽ പ്രദീപൻ പ്രതികളെ ഒളിവിൽ താമസിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |