
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ യാത്രക്കാർ കുടുങ്ങി. സാങ്കേതിക തകരാറ് മൂലം ഇന്നലെ വൈകുന്നേരം 3.15 ഓടെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ടുന്ന വന്ദേഭാരതിൽ കയറേണ്ട സ്ത്രീകളും കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഏകദേശം ഒരുമണിക്കൂറെടുത്താണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
റെയിൽവേ ടെക്‌നിക്കൽ ടീം ലിഫ്റ്റ് തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. പിന്നീട് ലിഫ്റ്റിന്റെ കമ്പനിയിൽ നിന്നും വിദഗ്ദ്ധർ എത്തിയാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഇതിനു മുന്നേയും ചെറിയ തരത്തിൽ ലിഫ്റ്റുകൾ നിലച്ചിട്ടുണ്ടെങ്കിലും ഇത്രയും നേരം കുടുങ്ങിയതും യാത്രക്കാരെ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടിയതും ആദ്യമായാണെന്ന് അധികൃതർ പറയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
വന്ദേഭാരത് ട്രെയിൻ 10 മിനുട്ടോളം സ്റ്റേഷനിൽ നിർത്തിയിട്ടെങ്കിലും യാത്രക്കാരെ പുറത്തെത്തിക്കാൻ സാധിക്കാത്തതോടെ ട്രെയിൻ വിട്ടുപോകുകയായിരുന്നു. ഇവർക്ക് തൊട്ടടുത്ത ട്രെയിനിൽ യാത്ര ചെയ്യാനുള്ള സംവിധാനം അധികൃതർ പിന്നീട് ഒരുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |