
കണ്ണൂർ: ലഭ്യത കുറഞ്ഞതോടെ മീൻവിലയിൽ വർദ്ധനവ് തുടങ്ങി.
സാധാരണക്കാർ കൂടുതലും ഉപയോഗിക്കുന്ന മത്തി, അയല, ചെമ്മീൻ തുടങ്ങിയവയുടെ വിലയാണ് ഗണ്യമായി കൂടിയത്.കഴിഞ്ഞ മാസം വരെ സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോൾ ദുർലഭമായാണ് ലഭിക്കുന്നത്. എൺപത് രൂപയിൽ നിന്ന് ഒറ്റയടിക്ക് നൂറ്റിയിരുപത് രൂപയോളമാണ് വർദ്ധനവ് വന്നത്.
കുഞ്ഞൻ മത്തിയാണ് ഇപ്പോഴും ലഭിക്കുന്നത്. വലുപ്പത്തിൽ ചെറുതായതിനാൽ കുറഞ്ഞ വിലയാണ് തൊഴിലാളികൾക്ക് കിട്ടിയത്.സാധാരണ മാർച്ച് ഏപ്രിൽ മാസങ്ങളിൽ കണവയും അയലയും ലഭിക്കാറുള്ളതാണ്.ഇക്കുറി കാര്യങ്ങൾ മറിച്ചാണ്.120 രൂപയുണ്ടായിരുന്ന അയലയ്ക്ക് ഇപ്പോൾ 200 മുതൽ 240 രൂപ വെ നൽകണം. സാധാരണ വേനൽക്കാലത്ത് കൂടുതലായി കിട്ടിയിരുന്ന ചെമ്മീനും നെത്തോലിയും ചാളയും പരിമിതമായാണ് ലഭിക്കുന്നത്. കടലിൽ മീൻപിടിക്കാൻ പോകുന്നവരിൽ ഭൂരിഭാഗം പേരും വെറും കൈയോടെ മടങ്ങുന്ന അനുഭവമാണ്.
സൂ പ്ലാംഗ്ടൻ, ചെമ്മീൻ ലാർവകൾ, മത്സ്യ മുട്ടകൾ, ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് മത്തിയുടെ ആഹാരം. ഇവയുടെ ലഭ്യത കുറഞ്ഞതോടെ മത്തിയുടെ വലിപ്പവും കുറഞ്ഞു. ഇത്തരം മത്തിക്ക് കേരളത്തിൽ ഡിമാൻഡില്ല. ഇതേത്തുടർന്ന് തുച്ഛമായ നിരക്കിൽ ഇവയെ തമിഴ്നാട്ടിലെ കോഴിത്തീറ്റ, മത്സ്യത്തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്.
മത്സ്യസമ്പത്തിനെ ബാധിച്ച് കൊടുംചൂട്
ചൂട് കൂടുന്ന ഭാഗത്ത് നിന്നും മീനുകൾ താപ നില കുറഞ്ഞിടത്തേക്ക് നീങ്ങുന്നതാണ് കേരളതീരത്ത് ഇപ്പോൾ ലഭ്യത കുറഞ്ഞതിന് കാരണം.സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മത്സ്യസമ്പത്തിനെ ബാധിക്കും താപനില കൂടിത്തുടങ്ങുമ്പോൾ മുതൽ മീൻ ഉൾക്കടലിലേക്കു പോകും. താപനില കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ ദിവസം കടലിൽ തങ്ങാനുമാകില്ല. അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള യാനങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെപ്പോയും മീൻപിടിക്കാനാകുന്നില്ല. തമിഴ്നാട്, ആന്ധ്രാ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ കേരളത്തിലേക്ക് കൂടുതലായി മീനുകൾ എത്തുന്നത്.കേരളത്തിൽ രണ്ട് വർഷം മുമ്പുള്ള ട്രോളിംഗ് നിരോധന കാലയളവിന് ശേഷം മത്സ്യലഭ്യതയിൽ ഗണ്യമായ കുറവുണ്ട്.ട്രോളിംഗ് നിരോധനത്തിന് മുമ്പുള്ള സീസണിലും മൺസൂൺ സീസണിലുമാണ് മത്സ്യലഭ്യത കൂടുതലുള്ളത്.
കുറവില്ലാതെ ചിലവ്
മത്സ്യലഭ്യത കുത്തനെ കുറഞ്ഞതോടെ ബോട്ടുകളും വള്ളങ്ങളും കടലിൽ പോകുന്നത് ഭാഗികമായി നിർത്തി വച്ചിരിക്കുകയാണ്. ഇന്ധന ചെലവിനും തൊഴിലാളികൾക്ക് നൽകേണ്ട ദിവസച്ചെലവിനും ലഭിക്കുന്ന മീൻ വിറ്റുള്ള പണം മതിയാകില്ലെന്ന് വന്നതോടെയാണ് യാനങ്ങൾ തീരത്തണഞ്ഞത്.ഒരു ബോട്ട് കടലിൽ ഇറങ്ങിയാൽ ഒരുലക്ഷം രൂപയിലധികമാണ് ചിലവ്. ദിവസങ്ങളോളം കടലിൽ കിടന്നാലും മുടക്ക് മുതൽ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽഭീമമായ തുക ചെലവാക്കിയുള്ള കടലിൽപോക്ക് ബോട്ടുകളും വള്ളങ്ങളും താത്ക്കാലികമായി നിർത്തിയതോടെ സംസ്ഥാനത്തെ മീൻവിലയും വർദ്ധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |