
സ്റ്റേജിലും തെരുവിലും ഇരുന്നൂറോളം നാടകങ്ങളിൽ അഭിനയിച്ച് കെ.പി. കൃഷ്ണൻ
കണ്ണൂർ: ലഹരിയെന്നാൽ കെ.പി.കൃഷ്ണൻ എന്ന എഴുപത്തിമൂന്നുകാരന് നാടകം മാത്രമാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വേദികളിൽ 50 വർഷത്തിലേറെയായി ഈ ലഹരിയുമായി നാടകം ആടുകയാണ് ഇദ്ദേഹം. എല്ലാ ശാരീരിക അവശതകളും തട്ടിൽ കയറുമ്പോൾ മാറിനിൽക്കുമെന്നാണ് കൃഷ്ണന്റെ അനുഭവം.
എഴുപതുകളുടെ തുടക്കം തൊട്ട് നാടക രംഗത്തുണ്ട് ഇദ്ദേഹം. നൂറിലധികം സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു. അത്ര തന്നെ തെരുവുനാടകങ്ങളിലും അമേച്വർ നാടകങ്ങളിലും വേറെ. എഴുതി സംവിധാനം ചെയ്തത് പത്തോളം നാടകങ്ങൾ. 1981ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രവും കെ.പിക്ക് കൂട്ടിനുണ്ട്.
എഴുതി അഭിനയിച്ച നാടകങ്ങളിൽ 'അണിമണി പുഴയോരത്ത്' ഏറെ ശ്രദ്ധ നേടി. നിരവധി അവാർഡുകൾ ഈ നാടകം നേടിയിരുന്നു. സി.ജെയുടെ 'മാറ്റിവച്ച തലകൾ' എന്ന നാടകം കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധിയായ വേദികളിൽ അവതരിപ്പിച്ചിരുന്നു. ഈ നാടകത്തിലെ അഭിനയം തിരുവനന്തപുരത്ത് വച്ച് കണ്ട നടൻ മുരളി കെ.പിയെ പ്രത്യേകം വിളിച്ച് അഭിനന്ദിച്ചിരുന്നു. 'മരമീടൻ' , 'ബൊളീവിയ', 'മരങ്ങൾ' തുടങ്ങിയവയും കെ.പി അവിസ്മരണമീയമാക്കിയ നാടകങ്ങളിൽ പെടും.
ഭരതൻ സംവിധാനം ചെയ്ത 'ചുരം' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് കെ.പി.കൃഷ്ണൻ. ദൂരദർശൻ പ്രക്ഷേപണം ചെയ്ത ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.പയ്യന്നൂരിലെ പ്രാദേശിക ചാനലിൽ കാലങ്ങളോളം പ്രക്ഷേപണം ചെയ്ത 'കൊട്ടനാണ്ടി' എന്ന സമകാലിക ആക്ഷേപഹാസ്യ പരിപാടിയും ഇദ്ദേഹം സംവിധാനം ചെയ്ത് പുറത്തിറക്കിയതാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാപ്പകലില്ലാതെ രാഷ്ട്രീയ സാംസ്കാരിക വേദികളിൽ സജീവമാകാറുണ്ട് കെ.പി. കൊച്ചുമക്കളായ ദേവികയും പാർവതിയും മുത്തച്ഛന്റെ പാത പിൻതുടർന്ന് നാടകവേദികളിൽ സജീവമാണ്. പ്രായം തളർത്താത്ത നാടക വീര്യം തലമുറകൾക്ക് കൈമാറി അണയാതെ മുന്നോട്ട് നീങ്ങുകയാണ്. പയ്യന്നൂർ സ്വദേശിയാണ്. ഭാര്യ :തമ്പായി, മക്കൾ പ്രീത, ദീപ
പാത്തും പതുങ്ങിയും റിഹേഴ്സലുകൾ
അടിയന്തരാവസ്ഥ കാലത്ത് പാത്തും പതുങ്ങിയിലും നാടക റിഹേഴ്സൽ നടത്തിയ അനുഭവവും ഈ നാടകകാരനുണ്ട്. അടിയന്തിരാവസ്ഥക്കെതിരെ കടുത്ത രോഷം ഉള്ളിൽ കൊണ്ടുനടക്കുന്ന അക്കാലത്ത് നാടകങ്ങൾ നടത്തിയ സമൂഹിക വിമർശനം അതിശക്തമായിരുന്നു. സുരേന്ദ്രൻ അടുത്തില എഴുതി സംവിധാനം ചെയ്ത 'കാള രാത്രി' എന്ന നാടകം അടിയന്തിരാവസ്ഥകാലത്ത് കളിച്ചത് ചോരയെ ചൂട് പിടിപ്പിക്കുന്ന ഓർമ്മയായി കെ.പി ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്.
നാടകമാണ് ജീവിതം. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയാണ് എന്നാലും തട്ടിൽ കയറുമ്പോൾ അതൊന്നും ഒരുപ്രശ്നമാകാറില്ല. കെ.പി കൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |