SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

കല്ല്യാശ്ശേരി ഒരുങ്ങുന്നു പപ്പായ ഗ്രാമമാകാൻ നാട്ടുമാവ് സംരക്ഷണപദ്ധതിക്കും തുടക്കം

pappaya

പതിനായിരം റെഡ് ലേഡി പപ്പായതൈകൾ കൃഷിയിടങ്ങളിലേക്ക്

കല്യാശ്ശേരി: പോഷകങ്ങളുടെ കലവറയായ പപ്പായയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പപ്പായഗ്രാമമാകാൻ ഒരുങ്ങി കല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത്. ഇതിനൊപ്പം നാട്ടുമാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള മാഞ്ചിഫെറ പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. മികച്ച വിളവ് ലഭിക്കുന്നതും രോഗപ്രതിരോധ ശേഷിയുള്ളതുമായ പതിനായിരം റെഡ് ലേഡി പപ്പായത്തൈകൾ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി നൽകുന്നതാണ് പദ്ധതി.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പപ്പായ ഗ്രാമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ പദ്ധതി ഉദ്ഘാടനം ചെയ്തു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കണ്ണപുരത്ത് നാട്ടുമാവ് സംരക്ഷണം
കണ്ണപുരം പഞ്ചായത്തിലുള്ള നാട്ടുമാവുകളുടെ സംരക്ഷണ പ്രചരണാർത്ഥമാണ് 'മാൻജിഫെറ; നാട്ടുമാവുകളുടെ സംരക്ഷണം' എന്ന പദ്ധതി നടപ്പിലാക്കുന്നത്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര, കടുക്കാച്ചി എന്നിങ്ങനെ 107 ലധികം നാട്ടുമാവിനങ്ങൾ കണ്ടുവരുന്ന പ്രദേശമാണ് കണ്ണപുരം. ഇതിൽ ഭൗമ സൂചിക പദവി ലഭിച്ച കണ്ണപുരം മാങ്ങ അഥവാ കുറ്റിയാട്ടൂർ മാങ്ങയും ഉൾപ്പെടുന്നു. പദ്ധതി പ്രകാരം 1000 ഗ്രാഫ്റ്റ് ചെയ്ത നാട്ടുമാവുകൾ കണ്ണപുരം പഞ്ചായത്തിലുള്ള തെരെഞ്ഞെടുത്ത കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യും. പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണപുരം പഞ്ചായത്തിൽ തൈകൾ വിതരണം ചെയ്തു. മറ്റു പഞ്ചായത്തുകളിൽ കൃഷിഭവൻ മുഖേന തൈകൾ വിതരണം ചെയ്യും.

കണ്ണപുരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ പ്രദേശത്താണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. പരിപാടിയിൽ കല്ല്യാശ്ശേരി കൃഷി അസി. ഡയറക്ടർ കെ.സതീഷ് കുമാർ പദ്ധതി വിശദീകരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ എ.വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL