SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.44 AM IST

പട്ടികയിൽ പുകഞ്ഞ് സോഷ്യൽമീഡിയ;  ചെവി കൊടുക്കാതെ സി.പി.എം നേതൃത്വം

cpm

കണ്ണൂർ: സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗീകരിച്ച വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥി സാദ്ധ്യതാപട്ടികക്കെതിരെ അണികളിൽ വലിയൊരു വിഭാഗം അതൃപ്തിയിൽ.സോഷ്യൽ മീഡിയയിലെ ഇടതു പ്രൊഫൈലുകളിൽ പലതിലും ഇതിനകം വിമർശനമുയർന്നുകഴിഞ്ഞെങ്കിലും നേതൃത്വം ഇതുസംബന്ധിച്ച് പുനരാലോചന നടത്താനുള്ള സാദ്ധ്യത കുറയുകയാണ്.

ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ തന്നെ സോഷ്യൽമീഡിയയിൽ നിന്നും പ്രാദേശിക ഘടകങ്ങളിൽ നിന്നും ഉയരുന്ന വിമർശനതരംഗം നേതൃത്വത്തിന് തലവേദനയാകുമെന്ന് ഉറപ്പാണ്. കൂട്ടത്തിൽ വിവാദകേന്ദ്രമാകുന്നത് തളിപ്പറമ്പ് നിയോജകമണ്ഡലമാണ്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിയുന്നിടത്ത് അദ്ദേഹത്തിന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതാണ് എതിർപ്പിന് പിന്നിൽ.ഇത് സിപിഎം രീതിയല്ലെന്ന അഭിപ്രായം ഇടത് അനുഭാവികൾക്കിടയിൽ തന്നെ ശക്തിപ്പെട്ടു. വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന നിലപാടാണ് ഔദ്യോഗിക വിശദീകരണം.
ജില്ലാ സെക്രട്ടേറിയറ്റിൽ ആദ്യം മുൻ എം.എൽ.എ ജെയിംസ് മാത്യുവിന്റെ ഭാര്യ സുകന്യയുടെ പേര് ഉയർന്നിരുന്നെങ്കിലും പിന്നീട് ശ്യാമളയിലേക്ക് ചർച്ച നീങ്ങുകയായിരുന്നു. ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടെങ്കിലും, ശ്യാമള തന്നെ സ്ഥാനാർത്ഥിയെന്ന നിലപാടിൽ സി.പി.എം സംസ്ഥാന നേതൃത്വം ഉറച്ചുനിൽക്കുകയാണ്.


ശൈലജയ്ക്ക് കടുത്ത മത്സരം
മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിലേക്ക് നിയോഗിക്കാനുള്ള തീരുമാനവും വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.കെ.കെ.ശൈലജയെ ഒതുക്കാനുള്ള നീക്കമെന്ന ആരോപണവും അണികളിൽ നിന്ന് ഉയരുന്നുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കണമെന്ന് തീരുമാനിച്ചു.ദീർഘകാലം ഏരിയ സെക്രട്ടറിയായിരുന്ന ടി.കെ.ഗോവിന്ദനെ തളിപ്പറമ്പിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും, സ്പീക്കർ എ.എൻ.ഷംസീറിനെ പരിഗണിക്കാതിരുന്നതും അണികൾ ചോദ്യം ചെയ്യുന്നുണ്ട്.ജില്ലാ സെക്രട്ടേറിയറ്റ് പട്ടിക അംഗീകരിച്ചെങ്കിലും മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്ത ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളു. സംസ്ഥാന സമിതി യോഗത്തിനു ശേഷം മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് വലിയൊരു വിഭാഗം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL