SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മണ്ഡലങ്ങളിലൂടെ: ഇടതുറച്ച പയ്യന്നൂർ ഇളകുമോ

madhusoodhan

കണ്ണൂർ: വിഭാഗീയതയുടെ നടുവിൽ സി.പി.എം . അനുകൂല സാഹചര്യം അവകാശപ്പെട്ട് യു.ഡി.എഫ്. കരുത്തുകാട്ടാൻ എൻ.ഡി.എ. ഇതാണ് നിലവിൽ പയ്യന്നൂർ മണ്ഡല ചിത്രം.മണ്ഡലം പിറന്നതു മുതൽ ഇടതോരം മാത്രം നിന്ന ചരിത്രമാണ് പയ്യന്നൂരിന്റേത്. പിണറായി വിജയനും പി.കെ.ശ്രീമതിയും ഇവിടെ നിന്ന് മന്ത്രിസഭയിലെത്തി. എന്നാൽ പാളയത്തിൽ നിന്നുയർന്ന പ്രതിഷേധത്തെ അതിജീവിച്ചാൽ മാത്രമെ ഇത്തവണ പയ്യന്നൂരിൽ ഇടതുമുന്നേറ്റം ഉറപ്പിക്കാൻ സാധിക്കുകയുള്ളു.
കരിവെള്ളൂർ സമരസേനാനി എ.വി.കുഞ്ഞമ്പു മുതൽ ആരംഭിക്കുന്നു പയ്യന്നൂരിലെ ഇടതുവിജയ പരമ്പര, സുബ്രഹ്മണ്യ ഷേണായ്, എം.വി.രാഘവൻ, പിണറായി വിജയൻ, പി.കെ.ശ്രീമതി തുടങ്ങിയ പ്രമുഖർ ഇവിടെ നിന്നും നിയമസഭയിലെത്തി. 2021ൽ ടി.ഐ. മധുസൂദനൻ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2016ൽ സി.കൃഷ്ണൻ 40,263 വോട്ടിനും ജയിച്ചിരുന്നു. എന്നാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 13,257 ആയി ഇടിഞ്ഞു.2025 തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും 34,807ആയി ഉയർന്നെങ്കിലും നിലവിലെ ആഭ്യന്തര പ്രതിസന്ധി വോട്ടിംഗിനെ എങ്ങിനെ ബാധിക്കുമെന്നാണ് അറിയേണ്ടത്.
രക്തസാക്ഷി ഫണ്ട് അപഹരിച്ചുവെന്ന് ആരോപിച്ച് പാർട്ടിൽ നിന്നും പുറത്തുപോയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെയാണ് ഇത്തവണ ഇടതിന് നേരിടേണ്ടത്.കുഞ്ഞികൃഷ്ണന്റെ കണക്കുകൾ ശരിയല്ലെന്നാണ് പാർട്ടിയുടെ വിശദീകരണം. അണികൾക്കിടയിൽ ആരോപണം ചലനമുണ്ടാക്കിയോയെന്ന് ഫലപ്രഖ്യാപനത്തോടെ അറിയാൻ സാധിക്കും.


പോരാട്ടം കനക്കുന്നു
ഇടതുശക്തിദുർഗം കാക്കാൻ തുടർച്ചയായ രണ്ടാംതവണയാണ് ടി.ഐ.മധുസൂദനനെ സി.പി.എം ഇറക്കുന്നത്. യു.ഡി.എഫ് പിന്തുണയോടെയാണ് പാർട്ടിയിൽ നിന്നും പുറത്തായ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രപരിവേഷമണിയുന്നത്. ബി.ജെ.പി. നേതാവ് എ.പി.ഗംഗാധരനും കൂടിയാകുമ്പോൾ മത്സരചിത്രം പൂർത്തിയാകുന്നു. ആർ.എസ്.പിക്ക് അനുവദിച്ച സീറ്റിലാണ് യു.ഡി.എഫ് മത്സരിക്കാതെ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നത്. കാൽലക്ഷം ഇടതു വോട്ടുകൾ മറിക്കാൻ കഴിഞ്ഞാൽ ഫലം അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിശ്വാസം. നഗരസഭയിലെ കാര ഡിവിഷനിൽ സി.പി.എം വിമതൻ ഔദ്യോഗിക ഇടത് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതു പോലുള്ള അത്ഭുതം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
ബാങ്കിംഗ്, ആശുപത്രി, പ്രിന്റിംഗ്, കൈത്തറി, ടൂറിസം, കൈരളി ഉൾപ്പെടെ നേരിട്ട് ജോലി നൽകുന്ന സഹകരണ ശൃംഖലയാണ് പയ്യന്നൂരിൽ സി.പി.എമ്മിന്റെ കരുത്ത്. ഇത്ര ആഴത്തിൽ വേരോടിയ ഒരു ശൃംഖലയെ വിമതനു ഭേദിക്കാൻ കഴിയുമോയെന്നാണ് പയ്യന്നൂരിൽ അറിയാനുള്ളത്.


@2021
ടി.ഐ. മധുസൂദനൻ ( എൽ.ഡി.എഫ്) 93695
എം. പ്രദീപ് കുമാർ( യു.ഡി.എഫ്) 43915
കെ. കെ. ശ്രീധരൻ ( എൻ.ഡി.എ): 11308

ഭൂരിപക്ഷം 49,780

2024 ലോക്സഭ

എൽ.ഡി.എഫ് ഭൂരിപക്ഷം: 13257

2025 തദ്ദേശം
എൽ.ഡി.എഫ്. ഭൂരിപക്ഷം: 34807

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL