SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

കൂട്ടലും കിഴിക്കലുമായി മുന്നണികൾ:  അടിയൊഴുക്കിൽ ഭയം

cpm

78.60 % പോളിംഗ്

കണ്ണൂർ: ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ 78.60 ശതമാനം പോളിംഗ് ഇരു മുന്നണികൾക്കും ആശ്വാസവും ആശങ്കയും. എൺപതു ശതമാനം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിൽ പോളിംഗ് കുറവ് വന്നത് ആശങ്ക നൽകുമ്പോൾ ഹോം വോട്ടിംഗും തപാൽ വോട്ടും പ്രതീക്ഷയും നൽകുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ കൈവശമുള്ള ഒൻപത് മണ്ഡലങ്ങളിലും അടിയൊഴുക്കുണ്ടായോയെന്ന ആശങ്കയിലാണ് എൽ.ഡി.എഫ്. എൽ.ഡി.എഫിന്റെ ആശങ്കയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അനൂകൂല തരംഗമുണ്ടായപ്പോൾ ജില്ലയിൽ അഞ്ചു മണ്ഡലം വരെ നേടിയ ചരിത്രം യു.ഡി.എഫിനുണ്ട്.

ജില്ലയിലെ ഏറ്റവും കടുത്ത പോരാട്ടം അഴീക്കോട് മണ്ഡലത്തിലാണ്. സംസ്ഥാനത്തെ മികച്ച ജനകീയ എം.എൽ.എമാരിലൊരാളായ കെ.വി.സുമേഷും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരിയും തമ്മിലുള്ള മത്സരത്തിൽ പോളിംഗ് ശതമാനത്തിലെ കുറവ് ഇരുകൂട്ടരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. 2021ലെ 77.89 ശതമാനത്തിൽ നിന്ന് ഇക്കുറി 77.71ലേക്കാണ് പോളിംഗ് ഇടിഞ്ഞത്.

പയ്യന്നൂരിൽ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 13,000ലേക്ക് ഇടിഞ്ഞിരുന്നു. ഇതിൽ നിന്ന് 7,500 വോട്ട് കൂടി മറിഞ്ഞാൽ വി.കുഞ്ഞിക്കൃഷ്ണൻ ജയിക്കുമെന്നാണ് യു.ഡി.എഫ് വിശ്വാസം.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വത്തിലും യു.ഡി.എഫിന് വിശ്വാസമുണ്ട്. എന്നാൽ ഇവിടെയും ഇടതുക്യാമ്പ് ആത്മവിശ്വാസത്തിലാണ്. കൂത്തുപറമ്പിൽ ആർ.ജെ.ഡി സ്ഥാനാർഥി പി.കെ.പ്രവീൺ വിജയിക്കുമെന്നാണ് ഇട

തു കണക്കുകൂട്ടൽ.


ഇടതുറപ്പിൽ നാല് മണ്ഡലങ്ങൾ
ധർമ്മടം, മട്ടന്നൂർ, കല്യാശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിൽ ഫലം ഏറക്കുറേ ഉറപ്പാണ്. ഭൂരിപക്ഷം സംബന്ധിച്ച് ഇടതു കേന്ദ്രങ്ങളിൽ ആശങ്കയുണ്ട്.ജില്ലയിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മട്ടന്നൂരിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന് 2021ൽ കെ.കെ. ശൈലജ നേടിയ 60,963 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം ലഭിക്കുമോയെന്ന് മുന്നണിക്ക് ഉറപ്പില്ല. കല്യാശ്ശേരിയിൽ എം.വിജിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.ഫസൽ വധ കേസിൽ പ്രതിചേർക്കപ്പെട്ട കാരായി രാജന്റെ സ്ഥാനാർത്ഥിത്വം തലശ്ശേരിയിൽ ഇടത് മുന്നേറ്റത്തെ ബാധിച്ചില്ലെന്നാണ് പൊതുവിലയിരുത്തൽ.
തങ്ങൾക്ക് മൃഗീയ ആധിപത്യമുള്ള കണ്ണൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ രണ്ടുതവണത്തെ വിജയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആവർത്തിക്കുമോയെന്ന ആശങ്ക യു.‌ഡി.എഫിനുണ്ട്. പ്രചരണത്തിലെ മെല്ലെപ്പോക്കാണ് ആത്മവിശ്വാസത്തിനിടയിലും യു.ഡി.എഫ് പ്രതീക്ഷയ്ക്ക് ഇളക്കം തട്ടിച്ചിരിക്കുന്നത്.
ഇരിക്കൂരിൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ അഡ്വ.സജീവ് ജോസഫ് ആത്മവിശ്വാസത്തിലാണ്. കടുത്ത പോരാട്ടം നടന്ന പേരാവൂരിൽ സണ്ണിജോസഫ് മികച്ച വിജയം നേടുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.എന്നാൽ കോൺഗ്രസിലെ വടംവലിയും മികച്ച സ്ഥാനാർത്ഥിയെന്ന വിലയിരുത്തലും കെ.കെ.ശൈലജയുടെ വിജയത്തിൽ കലാശിക്കുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ നിരീക്ഷണം.

പോളിംഗ് ശതമാനം 2026 ബ്രാക്കറ്റിൽ 2021ലെ പോളിംഗ്

പയ്യന്നൂർ 80.57% (78.96%)

കല്യാശ്ശേരി76.99 % (76.41%)

തളിപ്പറമ്പ്81.01% (80.94 %)

ഇരിക്കൂർ74.32% (75.63%)

അഴീക്കോട്77.71% (77.89 %)

കണ്ണൂർ 75.61% (74.94 %)

ധർമ്മടം81.44% (80.22 %)

തലശ്ശേരി76.33% (73.94 %)

കൂത്തുപറമ്പ്78.46% (78.15%)

മട്ടന്നൂർ82.24% (79.54%)

പേരാവൂർ79.1% (78.07%).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL