SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.14 PM IST

പേരാവൂരിൽ ശൈലജയ്ക്ക് സാദ്ധ്യത;അഴീക്കോടും ആശങ്കയില്ല കണ്ണൂരിൽ ആധിപത്യം തുടരുമെന്ന് സി.പി.എം മണ്ഡലം തല റിപ്പോർട്ട്

cpm

കണ്ണൂർ: ജില്ലയിലെ എൽ.ഡി.എഫ് ആധിപത്യം തുടരുമെന്ന് മണ്ഡലം തല സി.പി.എം അവലോകനം. ജില്ലാകമ്മിറ്റിയ്ക്ക് കൈമാറുന്ന റിപ്പോ‌ർട്ടിലാണ് ഇക്കാര്യം പറയുന്നത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരിൽ പ്രതീക്ഷ പുലർത്തുന്ന റിപ്പോർട്ടിൽ കണ്ണൂർ നിയോജക മണ്ഡലം സംബന്ധിച്ച് ചെറിയ ആശങ്കയുമുണ്ട്.

സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയ പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് മണ്ഡലംതല വിലയിരുത്തൽ. അയ്യായിരം വോട്ടെങ്കിലും ശൈലജയ്ക്ക് വ്യക്തിപരമായി സമാഹരിക്കാനായാൽ ജയം സുനിശ്ചിതമാണെന്ന് നേതൃത്വം വിലയിരുത്തുന്നു. എന്നാൽ പാർട്ടിയുടെ ഉറച്ച വോട്ട് മാത്രം നോക്കിയാൽ സണ്ണി ജോസഫ് 5,000 വോട്ടിന് മുന്നിലാണെന്നും മണ്ഡലം കമ്മിറ്റി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ശൈലജയുടെ ജനകീയതയും ജന്മനാട്ടിൽ നിന്നുള്ള വോട്ടുകളും നിർണായകമാണ്. മതസാമുദായിക ഘടകങ്ങളും അനുകൂലമാണെന്നും സി.പി.എം വിലയിരുത്തുന്നു.

മുഖ്യമന്ത്രിക്ക് അരലക്ഷം ഭൂരിപക്ഷം
മുഖ്യമന്ത്രി പിണറായി വിജയൻ 2021ൽ നേടിയ അരലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി നിലനിർത്താൻ കഴിയുമെന്നാണ് ധർമ്മടം മണ്ഡലംതല വിലയിരുത്തൽ. ഉരുക്കുകോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി മുൻ നേതാക്കൾ തന്നെ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചത് വിജയസാദ്ധ്യതകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
2021ൽ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിൽ സനോജ് വൻ വിജയം നേടുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാൽ ഭൂരിപക്ഷത്തിൽ ഏറ്റകുറച്ചിലുണ്ടാക്കുമെന്നുമാണ് മണ്ഡലത്തിൽ നിന്നുള്ള പാർട്ടി വിലയിരുത്തൽ. അതെ സമയം കണ്ണൂർ ജില്ലയിൽ ഏറ്റവും കനത്ത മത്സരമുണ്ടാകുമെന്ന് പറയപ്പെടുന്ന അഴീക്കോട് കെ.വി.സുമേഷിന് ഭീഷണിയൊന്നുമില്ലെന്നും മുന്നണി വോട്ടുകളും സ്ഥാനാത്ഥി വ്യക്തിപരമായി സമാഹിക്കുന്ന വോട്ടുകളുമടക്കം പതിനായിരത്തിനടുത്ത് ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL