SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

കണ്ണൂരിനെ വിടാതെ മഞ്ഞപ്പിത്തം; മൂന്നുമാസം 876 കേസുകൾ

manhapitham

മാർച്ചിൽ മാത്രം 333 കേസുകൾ

കണ്ണൂർ: ജില്ലയിൽ ഈ വർഷം ആദ്യ മൂന്നുമാസങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തത് 876 മഞ്ഞപ്പിത്ത കേസുകൾ.മാർച്ച് മാസത്തിൽ 333 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 25 പേർ രോഗം ബാധിച്ച് ചികിത്സ തേടിയെന്നാണ് കണക്ക്.

ശ്രീകണ്ഠാപുരം നഗരസഭ , ചിറ്റാരിപ്പറമ്പ്, കൂടാളി, കുന്നോത്ത്പറമ്പ് , പെരിങ്ങോം , പാട്യം , ചിറക്കൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ഈ വർഷം ഏറ്റവും കൂടുതൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ശ്രീകണ്ഠപുരം നഗരസഭയിലാണ്. അറുപത് കേസുകളാണ് കൂട്ടുമുഖം പ്രൈമറി ഹെൽത്ത് സെന്ററിൽ മാത്രം ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വ്യക്തി ശുചിത്വമില്ലായ്മയാണ് രോഗ വ്യാപനം വർദ്ധിക്കുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മലിനജലം കുടിക്കുകയോ പാചകം ചെയ്യാനായി ഉപയോഗിക്കുകയോ ചെയ്യുന്നതുവഴി വൈറൽ അസുഖമായ മഞ്ഞപ്പിത്തം പടരാം. അസുഖബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തേക്ക് കടക്കുന്നത് വഴിയും മലം കലർന്ന ജലം ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാദ്ധ്യത കൂടുതലാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 22 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.


ലക്ഷണങ്ങൾ

പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി തുടങ്ങിയവ പ്രാരംഭ ലക്ഷണങ്ങൾ. ശരീരത്തിലെ ബിലിറൂബിന്റെ അളവ് വർദ്ധിച്ച് കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്കു കടുത്ത മഞ്ഞനിറം അനുഭവപ്പെടും. ഛർദി, വിശപ്പില്ലായ്മ എന്നിവയുള്ളതിനാൽ രോഗിക്ക് കടുത്ത ക്ഷീണവുമുണ്ടാകും. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർധിക്കും. രോഗം മാരകമാകുകയാണെങ്കിൽ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. മഞ്ഞപ്പിത്തം വന്നാൽ ഉടൻ ആരോഗ്യ വിദഗ്ധരെ കണ്ട് ചികിത്സ ഉറപ്പാക്കുക. ഇല്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാണ്.


ചികിത്സയിൽ ശ്രദ്ധ വേണം

ചികിത്സയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പ്രാദേശികമായ ചികിത്സകളിൽ രോഗിയെ വീണ്ടും ഛർദിപ്പിക്കുകയും നിരാഹാരം അനുഷ്ഠിക്കാൻ രോഗിയോട് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് അശാസ്ത്രീയമാണ്. രോഗിക്കു തുടർച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. വൈറൽ അസുഖമായതിനാൽ രോഗിയുടെ രോഗലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സയാണു നൽകേണ്ടത്.


തദ്ദേശസ്ഥാപനം- രോഗികളുടെ എണ്ണം

ശ്രീകണ്ഠപുരം നഗരസഭ 60
ചിറ്റാരിപ്പറമ്പ് 51
കൂടാളി 43
കുന്നോത്തുപറമ്പ് 29
പെരിങ്ങോം 30
പാട്യം36
ചിറക്കൽ24

തളിപ്പറമ്പ് പോയ വർഷങ്ങളിലെ ഹോട്ട് സ്പോ‌ട്ട്

2024ന്റെ അവസാനത്തിലും 2025ന്റെ തുടക്കത്തിലും കണ്ണൂർ തളിപ്പറമ്പിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടർന്നുപിടിച്ചിരുന്നു, ഇത് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കടുത്ത ജാഗ്രതയ്ക്ക് കാരണമായി. 2024 മേയിൽ ആരംഭിച്ച് 340ലധികം കേസുകളാണ് ഇവിടെ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ട്യൂഷൻ സെന്റർ വിദ്യാർത്ഥികളിലേക്കും പരിസരപ്രദേശങ്ങളിലുള്ളവരിലേക്കും രോഗം പടരുകയും ചെയ്തു. മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചു.പോയവർഷം മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളടക്കം മരിച്ചതും തളിപ്പറമ്പിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL