SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ഡിവിഷണൽ റെയിൽവേ മാനേജർ കാസർകോടെത്തി; സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് വാഗ്ദാനം

kanhangad

ചെറുവത്തൂർ:യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് കാസർകോട് ജില്ലയിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുമെന്ന് ഇന്നലെ ജില്ലയിൽ എത്തിയ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട് പറഞ്ഞു. കാസർകോട്,കാഞ്ഞങ്ങാട്, കോട്ടിക്കുളം, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിലും അദ്ദേഹം സന്ദർശനം നടത്തി.

ചെറുവത്തൂരിൽ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനം സംബന്ധിച്ച നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്റെ നേതൃത്വത്തിൽ ഡി ആർ എമ്മിന് നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പി മുസ്തഫയുടെ നേതൃത്വത്തിലും പ്രത്യേകം നിവേദനം സമർപ്പിച്ചു, ചെറുവത്തൂർ യൂണിറ്റ് ട്രഷറർ എസ്.എൻ.രഞ്ജിത്ത്, ജനറൽ സെക്രട്ടറി കെ.സി.സതീശൻ, സി.ചന്ദ്രൻ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

കൊവിഡ് കാലത്ത് നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും ചെറുവത്തൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിവേദനത്തിൽ ആവശ്യപ്പെട്ടു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് പ്രാരംഭ നടപടികൾ ആരംഭിച്ചതായും ഡി.ആർ.എം പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് മഴക്കാലത്ത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ ഓവുചാലുകൾ നിർമ്മിക്കും.പ്ലാറ്റ് ഫോമിൽ ഇരുഭാഗത്തും മേൽക്കൂര നിർമ്മിച്ച് ഷീറ്റിടാനും നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

മംഗള എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എറണാകുളം-മംഗള എക്സ്പ്രസ് (12618) സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ടിന് നിവേദനം നൽകി.

സ്റ്റേഷനിൽ നടക്കുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനും ടെക്നിക്കൽ പരിശോധനയ്ക്കുമായി എത്തിയപ്പോഴാണ് ആർ.ഡി.എമ്മിന് നിവേദനം കൈമാറിയത്.

രാത്രി 6 മണിക്ക് ശേഷം കോഴിക്കോട് നിന്ന് മലബാർ മേഖലയിലേക്ക് ട്രെയിൻ സർവീസ് ഇല്ലാത്തതിന് പരിഹാരമായി ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് അല്ലെങ്കിൽ പാലക്കാട് കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സ്റ്റേഷനിൽ എത്തിയ ആ‌ർ.ഡി.എമ്മിനെ നഗരസഭ ചെയർമാൻ വി.വി.രമേശൻ, സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത് കുമാർ, റെയിൽവേ കൊമേഴ്സ്യൽ സൂപ്രണ്ട് അഷ്റഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം സെക്രട്ടറി സി.കെ.നാസർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

റെയിൽവേ കൺസൾട്ടൻസി കമ്മിറ്റി അംഗം പി.എം. നാസർ, നഗരസഭ കൗൺസിലർ സേതു ഉണ്ണികൃഷ്ണൻ, റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കമ്മിറ്റി അംഗങ്ങൾ സി.പി. ഇബ്രാഹിം, പി.പി.രാജു, കെ.മുഹമ്മദ് കുഞ്ഞി, മോഹനൻ, സത്താർ ആവിക്കര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, DRM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL