SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ചെങ്കോട്ട ഇളകി;കുറഞ്ഞത് 1.11 ലക്ഷം വോട്ട്

flag

കണ്ണൂർ: ആനകുത്തിയാലും ഇളകാത്ത കണ്ണൂരിലെ ചെങ്കോട്ടകളിൽ വൻ വോട്ടുചോർച്ചയാണ് ഇക്കുറി ഉണ്ടായത്. പതിനൊന്ന് മണ്ഡലങ്ങളിൽ വിജയിച്ച ആറിടങ്ങളിലും ഉണ്ടായ വോട്ട് ചോർച്ചയിൽ പകച്ചുനിൽക്കുകയാണ് നേതൃത്വം. സി.പി.എം വിമതരെ ഒപ്പം നിർത്തിയ യു.ഡി.എഫ് തളിപ്പറമ്പിലും, പയ്യന്നൂരിലുമടക്കം വൻ നേട്ടമാണ് കൊയ്തത്. അഴീക്കോട് മണ്ഡലത്തിലടക്കം മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്.
ആകെ 1.11 ലക്ഷം വോട്ടിന്റെ കുറവാണ് എൽ.ഡി.എഫിന് കണ്ണൂർ ജില്ലയിൽ ഇത്തവണ ഉണ്ടായത്. 2021ൽ ജില്ലയിൽ 8,75,299 വോട്ട് ലഭിച്ചിടത്ത് 7,63,806 വോട്ടാണ് ഇക്കുറി ലഭിച്ചത്. അതെ സമയം 2021ൽ 606305 വോട്ടുകൾ ലഭിച്ച യു.ഡി.എഫിന് ഇത്തവണ 785268 വോട്ടിലേക്ക് ഉയർത്താനായി.1.78 ലക്ഷം വോട്ടാണ് യു.ഡി.എഫിന്റെ അക്കൗണ്ടിലേക്ക് അധികമായി ഒഴുകിയെത്തിയത്.


ഭൂരിപക്ഷത്തിളക്കം നഷ്ടമായി

എൽ.ഡി.എഫ് ജയിച്ച കല്യാശ്ശേരി, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, അഴീക്കോട് മണ്ഡലങ്ങളിൽ പറയത്തക്കവിധമുള്ള ഭൂരിപക്ഷമില്ല. 2021 ലെ ഭൂരിപക്ഷം നാലിരിട്ടിയോളം ഇടിഞ്ഞു. കല്യാശ്ശേരിയിൽ കഴിഞ്ഞ തവണത്തെ 44,393 വോട്ടിന്റെ ഭൂരിപക്ഷം 18,433 ആയി കുറഞ്ഞു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ തവണ നേടിയ 50,123 ഭൂരിപക്ഷം19,247 ആയി ഇടിഞ്ഞു. ആറ് റൗണ്ടിലും പിണറായി വിജയൻ പിന്നോട്ടുപോയത് അക്ഷരാർത്ഥത്തിൽ ഇടതുക്യാമ്പുകൾ നെട്ടി.

2021ൽ തലശ്ശേരിയിൽ ലഭിച്ച 36,801വോട്ടിന്റെ ഭൂരിപക്ഷം 20,523 ആയും കൂത്തുപറമ്പിലെ 9541 വോട്ടിന്റെ ഭൂരിപക്ഷം 1286 ലേക്കും ഇടിഞ്ഞു. മട്ടന്നൂരിലാണ് വലിയ തകർച്ച നേരിട്ടത്. കഴിഞ്ഞ തവണ കെ.കെ.ശൈലജ നേടിയ 60,963 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം 14,168 ആയി കൂപ്പുകുത്തി. അഴീക്കോട് നിയോജകമണ്ഡലത്തിലെ 6141 വോട്ടിന്റെ ഭൂരിപക്ഷം 349 ആയും ഇ‌ടിഞ്ഞു. അതെസമയം . ഇരിക്കൂറിൽ യു.ഡി.എഫിനുണ്ടായിരുന്ന 10,010 വോട്ടിന്റെ ഭൂരിപക്ഷം 42,426 ലേക്ക് ഉയർന്നു. പേരാവൂരിൽ യു.ഡി.എഫ് 3172ൽ നിന്ന് 14,453 ആയി ഭൂരിപക്ഷം ഉയർത്തി. കണ്ണൂരിൽ 18,551 വോട്ടിന്റെയും പയ്യന്നൂരിൽ 7487 വോട്ടിന്റെയും തളിപ്പറമ്പിൽ 12,551 വോട്ടിന്റെയും ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. തളിപ്പറമ്പിൽ സി.പി.എം ശക്തി കേന്ദ്രമായ മലപ്പട്ടത്തും, ആന്തൂരിലും വോട്ട് ചോർച്ചയുണ്ടായതോടെ സിപിഎമ്മിന്റെ കരുത്ത് ചോർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL