SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

യുവതിക്ക് നേരെ ആസിഡ് ആക്രമണം: പ്രതിക്ക് 20 വർഷം കഠിന തടവും 75,000 രൂപ പിഴയും

തലശ്ശേരി: വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ കൂത്തുപറമ്പ് സ്വദേശിനിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് തലശ്ശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി. സുൽത്താൻ ബത്തേരി ബീനാച്ച് സ്വദേശി എ.കെ മുസ്തഫയെയാണ് (67) ജഡ്ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ആസിഡ് ആക്രമണം നടത്തിയ കുറ്റത്തിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവുമാണ് വിധിച്ചത്. കൂടാതെ സ്ത്രീയുടെ പണവും രേഖകളും അടങ്ങിയ ബാഗ് കവർച്ച ചെയ്തതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും കോടതി വിധിച്ചു. പ്രതി അടക്കുന്ന പിഴത്തുക പരിക്കേറ്റ യുവതിക്ക് നൽകാനും, ഇരയ്ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി കേസ് രേഖകൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2017 മേയ് 29ന് പുലർച്ചെ 4 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് കണ്ടംകുന്ന് ലക്ഷം വീട് കോളനിയിലെ രതിയെ (46), ബിരിയാണി പാചക ജോലി ഉണ്ടെന്ന് പറഞ്ഞ് മുസ്തഫ താമസസ്ഥലത്ത് നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആക്രമണത്തിൽ രതിയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ശരീരത്തിന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ജോഷി ജോസ് അന്വേഷണം നടത്തുകയും ബി. രജേന്ദ്രൻ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകളും 20 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് ഹാജരായി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL