SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

ആറളം ഫാമിൽ പിടിയാന ചരിഞ്ഞു

aana
ആറളം ഫാമിൽ ചരിഞ്ഞ പിടിയാന

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം അവശനിലയിൽ കണ്ടെത്തിയ പിടിയാന ചരിഞ്ഞു. ഇന്നു രാവിലെ കണ്ണൂർ ആർ.ആർ.ടി പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറും വെറ്റിനറി സർജൻ ഡോ. മുഹമ്മദ് സിബിനും നേതൃത്വം നൽകിയ വിദഗ്ദ്ധസംഘം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ശരീരത്തിൽ പരിക്കുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ലെന്നും സംഘം അറിയിച്ചു.

പോസ്റ്റ്മോർട്ടത്തിൽ ആനയ്ക്ക് ഏകദേശം 15 വയസ്സ് പ്രായമുണ്ടെന്ന് വ്യക്തമായി. കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വൈറോളജി, ടോക്സിക്കോളജി പരിശോധനകൾക്ക് അയച്ചിട്ടുണ്ടെന്നും അവയുടെ ഫലം ലഭിച്ച ശേഷമേ മരണകാരണം പൂർണമായി സ്ഥിരീകരിക്കാനാകൂ എന്നും വനംവകുപ്പ് അറിയിച്ചു. ഡബ്ല്യു.എം.എ.എഫ് പ്രോട്ടോകോൾ പ്രകാരമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ശരീരത്തിൽ പുറത്തുനിന്നുള്ള ഏതെങ്കിലും ലോഹവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി, പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ശരീരം വിശദമായി പരിശോധിച്ചിരുന്നു.

കണ്ണൂർ ഡി.എഫ്.ഒ വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ്, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി. സുനിൽകുമാർ, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. സന്തോഷ് കുമാർ, സയന്റിഫിക് എക്സ്പേർട്ട് നന്ദൻ വിജയകുമാർ, ആറളം പഞ്ചായത്ത് അംഗം സുജാത, ചതിരൂർ വി.എസ്.എസ് പ്രസിഡന്റ് കുഞ്ഞുമൊയ്തീൻ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.

ചരിഞ്ഞ പിടിയാനയെ സംസ്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, AARALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL