SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം തുറന്നുകൊടുക്കുന്നത് വൈകുന്നു

multi-level-car-paking
മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്

കണ്ണൂർ: നഗരത്തിലെ അനധികൃത പാർക്കിംഗ് തടയാനും പാർക്കിംഗ് സൗകര്യം വിപുലീകരിക്കാനും മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപം കോർപ്പറേഷൻ നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പൂർത്തിയാക്കിയെങ്കിലും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധമുയരുന്നു. പാർക്കിംഗ് ക്ഷാമത്തിന് ദീർഘകാല പരിഹാരമെന്നോണം നടപ്പിലാക്കിയ പദ്ധതി വിജയകരമായി പൂർത്തീകരിച്ചുവെങ്കിലും ഈ സൗകര്യം പൊതുജനങ്ങൾ ഉപയോഗിക്കുന്നത് ഇനിയും വൈകുമെന്നാണ് സൂചന.

നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ബാങ്ക് റോഡിൽ കണ്ണൂർ കോർപ്പറേഷൻ വികസിപ്പിച്ച രണ്ടാമത്തെ പാർക്കിംഗ് സൗകര്യവും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടി പോലും സ്വീകരിക്കാൻ കോർപറേഷൻ തയാറായിട്ടില്ല.

രണ്ട് പദ്ധതികൾക്കുള്ള വിശദമായ പദ്ധതി റിപ്പോർട്ടുകൾ (ഡി.പി.ആറുകൾ) 2019 ൽ തയ്യാറാക്കിയിരുന്നു. കൊവിഡ് അടക്കമുള്ള പ്രതിസന്ധികൾ രണ്ടാം ഘട്ടത്തിലെ നിർമ്മാണ പ്രവൃത്തികൾ വൈകുന്നതിന് കാരണമായി. നഗരത്തിലെ തിരക്കുകൾ ഒഴിവാക്കാൻ പാർക്കിംഗ് കേന്ദ്രങ്ങൾ വേഗത്തിൽ തുറന്നുകൊടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലും കോർപറേഷൻ അലംഭാവം കാണിക്കുന്നതായാണ് ആക്ഷേപം.

124 കാറുകൾക്ക് പാർക്ക് ചെയ്യാം

കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം കണ്ണൂർ കോർപ്പറേഷൻ നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ ഒരേ സമയം 124 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ ബാങ്ക് റോഡിലുള്ള പാർക്കിംഗ് കേന്ദ്രത്തിൽ 31 വാഹനങ്ങൾക്ക് മാത്രമാണ് ഒരേ സമയം പാർക്ക് ചെയ്യാനാവുക. രണ്ട് പദ്ധതികൾക്കും ഏകദേശം 11 കോടി രൂപ ചിലവ് വരുമെന്നാണ് പറയുന്നത്. ആദ്യഘട്ടത്തിൽ കോർപറേഷൻ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രം തുറന്നുകൊടുക്കാനുള്ള നടപടിയാകും സ്വീകരിക്കുക.

കരാറുകാരുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് മൾട്ടിലെവൽ പാർക്കിംഗ് തുറന്നുകൊടുക്കുന്നതിൽ കാലതാമസമെടുക്കുന്നത്. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് ജൂൺ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞേക്കും.

കോർപറേഷൻ അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, PARKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL