SignIn
Kerala Kaumudi Online
Sunday, 21 June 2026 5.42 AM IST

പയ്യാമ്പലം കടലിൽ കർണാടക വിദ്യാർത്ഥിയെ കാണാതായി വിലക്ക് ലംഘിച്ചുള്ള വിനോദത്തിൽ വീണ്ടും ദുരന്തം

payyambalam-

ഇന്നലെ ഏഴുമണിയോടെ നിർത്തിവച്ച തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

കണ്ണൂർ: കൂട്ടുകാർക്കൊപ്പം കൊട്ടിയൂർ ദ‌‌ർശനം പൂർത്തിയാക്കി പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു. ബംഗളൂരു സ്വദേശിയും ബംഗളൂരു റൂറലിലെ നിലമംഗല ജൂനിയർ കോളേജ് ബിരുദ വിദ്യാർത്ഥിയുമായ സന്തോഷ് കുമാർ (20)​ ആണ് ഒഴുക്കിൽപെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മനോജിനെ മറൈൻ എൻഫോഴ്സ് മെന്റും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ച് കരയ്ക്കെത്തിച്ചു. മറ്റ് രണ്ട് സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

നാട്ടിൽ നിന്നും വെള്ളിയാഴ്ച്ച രാത്രിയാണ് സന്തോഷ് കുമാറും മറ്റ് മൂന്നു സുഹൃത്തുക്കളും കൊട്ടിയൂർ ദർശനത്തിനായി പുറപ്പെട്ടത്.ഇവിടെ നിന്നും മടങ്ങി പയ്യാമ്പലത്തെത്തിയ സംഘത്തിൽ പെട്ട ഇരുവരും കടലിൽ ഇറങ്ങുകയായിരുന്നു. സന്തോഷ് കുമാറിനൊപ്പം കടലിൽ ഇറങ്ങിയ മനോജിനെ കടലിലെ ശക്തമായ ഒഴുക്കിനെ അതിജീവിച്ചാണ് രക്ഷാപ്രവർത്തകർ കരയ്ക്കെത്തിച്ചത്. അപകടവിവരമറിഞ്ഞ് സന്തോഷ് കുമാറിന്റെ ബന്ധുക്കൾ കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് മന്ത്രി പി.സി വിഷ്ണുനാഥ്,അഡ്വ.ടി.ഒ മോഹനൻ എം.എൽ.എ തുടങ്ങിയവരും സ്ഥലത്തെത്തി.ജില്ലാകളക്ടറും സംഭവസ്ഥലത്തെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ സിസ്റ്റം ഓപ്പറേറ്റാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട മനോജ്.

മണിക്കൂറുകൾക്കിടയിൽ രണ്ട് അപകടം

ഇന്നലെ രണ്ടു തവണയാണ് പയ്യാമ്പലത്ത് വിനോദ സഞ്ചാരികൾ ഒഴുക്കിൽപെട്ടത്. കാലത്ത് ഒൻപതരയോടെ പയ്യാമ്പലത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലായി എട്ടംഗ സംഘം കടലിൽ കുളിക്കുന്നതിനിടെ ചിരന്ത് ശർമ്മ (24) എന്ന യുവാവ് തീരത്തു നിന്നും150 മീറ്റർ അകലെ കടലിൽ അകപ്പെട്ടിരുന്നു. തീരത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് ഡേവിഡ് ജോൺസൺ, കോസ്റ്റൽ വാർഡൻ അരുൺ എന്നിവർ അതിസാഹസികമായാണ് യുവാവിനെ രക്ഷപ്പെടുത്തി കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. ഈ രക്ഷാപ്രവർത്തനം നടത്തി മണിക്കൂറുകൾക്കകമാണ് ബംഗളൂരു സ്വദേശികൾ ഒഴുക്കിൽപെട്ടത്. കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതോടെ ലൈഫ് ഗാർഡുമാരായ വിജേഷ് ജോസഫ്, ഡേവിഡ് ജോൺസൺ, കോസ്റ്റൽ വാർഡൻ അരുൺ എന്നിവർ ചേർന്ന് മനോജിനെ രക്ഷപ്പെടുത്തിയെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താനായില്ല.


കൂടുതൽ ലൈഫ്ഗാർഡുമാര വിന്യസിക്കുമെന്നും മന്ത്രി

ജില്ലയിൽ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അപകടവിവരമറിഞ്ഞു ബീച്ചിലെത്തിയിരുന്നു. സ്ഥലത്ത് കൂടുതൽ ലൈഫ്ഗാർഡുകളെ നിയമിക്കുമെന്നും കൂടുതൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ അഡ്വ.പി ഇന്ദിര, ടി.ഒ.മോഹനൻ എം.എൽ.എ എന്നിവരും കൂടെയുണ്ടായിരുന്നു.

കോസ്റ്റ് ഗാർഡ് വിമാനം എത്തി

കണ്ണൂർ: മന്ത്രി പി.സി വിഷ്ണുരാജിന്റെ ഇടപെടലിനെ തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡ് വിമാനം ഇന്നലെ വൈകീട്ട് ആറരയോടെ പയ്യാമ്പലം കടൽ തീരത്ത് എത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. മറൈൻ എൻ ഫോഴ്സ്‌മെന്റന്റേയും കോസ്റ്റൽ പൊലീസിന്റെയും ബോട്ടുകൾ പ്രതികൂല കാലാവസ്ഥ കാരണം രാത്രി ഏഴോടെ തിരച്ചിൽ നിർത്തി.
കാണാതായ സന്തോഷ് കുമാറിന്റെ സുഹൃത്തുക്കൾക്ക് കളക്ടർ പി.വിഷ്ണുരാജിന്റെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ താമസ സൗകര്യം ഏർപ്പെടുത്തി

കേരളകൗമുദിയുടെ നേരത്തെ മുന്നറിയിപ്പ് നൽകി

പയ്യാമ്പലത്ത് വിലക്ക് ലംഘിച്ച് കടലിലിറങ്ങി വിനോദത്തിലേർപ്പെടുന്നത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ നാലിന് റിപ്പോർട്ട് നൽകിയിരുന്നു. ജീവൻ അപകടപ്പെടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ കണ്ണടച്ചതിന്റെ വിലയാണ് ഇന്നലെ മൂന്നുപേർ അപകടത്തിൽപെടാൻ ഇടയാക്കിയതും അതിലൊരാളെ ഇനിയും കണ്ടുകിട്ടാത്തതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL