കണ്ണൂർ: തൊണ്ടയിലെ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ 17കാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ചികിത്സയിലെ ഗുരുതര അനാസ്ഥയാണ് മരണകാരണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർക്കും ക്ലിനിക്കിനും രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട് നൽകി അവസാനിപ്പിച്ച കേസിൽ, ഡോക്‌ടർക്ക് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നോ എന്ന് പോലും ഡിഎംഒയോ പൊലീസോ അന്വേഷിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.
തൊണ്ടയുടെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ശേഷം 2024 ജൂലായിലാണ് കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് (17) മരിച്ചത്. കണ്ണൂരിലുള്ള പ്രിയ ഇഎൻടി ക്ലിനിക്കിലായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്. രണ്ടാം ദിവസം കുട്ടി രക്തം ഛർദിച്ച് അവശനിലയിലായി. ഉടൻതന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശസ്‌ത്രക്രിയയിൽ പിഴവുണ്ടായെന്നും ആരോഗ്യനില മോശമായിട്ടും സ്വകാര്യ ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു.
രണ്ട് പരാതിയിലും അന്വേഷണം നടന്നു. കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്‌ചയുണ്ടായി എന്നായിരുന്നു ഡിഎംഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോർട്ട്. എന്നാൽ, ഇതേ ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡിന്റെ അന്വേഷണത്തിൽ ഡോക്‌ടർക്കോ ചികിത്സ നൽകുന്നതിലോ വീഴ്‌ചയില്ലെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ കേസ് അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
മനുഷ്യാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ചികിത്സാ പിഴവ് ഉൾപ്പെടെ കണ്ടെത്തിയത്. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ശസ്‌ത്രക്രിയ നടത്തിയ പ്രിയ ഇഎൻടി ക്ലിനിക്കിനും ഇവിടെ നിന്നുള്ള നിർദേശപ്രകാരം കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ഹോസ്‌പിറ്റലിനും സംഭവസമയത്ത് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷൻ കണ്ടെത്തി. കൂടാതെ ഫാത്തിമ ആശുപത്രിയിലെ മെഡിക്കൽ രേഖകളിൽ തിരുത്തൽ വരുത്തിയതായും അന്വേഷണത്തിൽ മനസിലായി.
A Human Rights Commission investigation found serious medical negligence in the death of 17-year-old Suryajith following throat surgery in Kannur in July 2024. The doctor and clinic reportedly lacked mandatory registration. The investigation also found irregularities in hospital records and ordered further investigation into the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |