കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ പ്രതിഷേധത്തിനിടെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു പ്രവർത്തകർക്കെതിരായ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ റിപ്പോർട്ട് നൽകി.
എസ്ഐടി തലവൻ യു പ്രേമനാണ് കണ്ണൂർ ജെഎഫ്സിഎം കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയത്. കുറ്റപത്രത്തിലുള്ള ഒരു കുറ്റവും പ്രതിഷേധക്കാർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കലാപ ശ്രമം, റെയിൽവേ പരിസരത്ത് അതിക്രമിച്ചു കടക്കൽ എന്നീ വകുപ്പുകൾ നിലനിൽക്കില്ലെന്നും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെട്ടില്ലെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കരിങ്കൊടി പ്രതിഷേധം കുറ്റകൃത്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നത്. ഇത് വ്യക്തമാക്കി ഡിജിപിക്ക് എസ്ഐടി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കെഎസ്‌യു പ്രവർത്തകർക്ക് വീണാ ജോർജിന്റെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചുകാട്ടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് വിവരം. ആക്രമിച്ചെന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമാണ് ഉണ്ടായത്. ആക്രമിച്ചെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എസ്ഐടി അറിയിച്ചു.
2026 ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്ന തരത്തിലാണ് ഗൺമാനായ അഭിലാഷ് ആദ്യത്തെ അന്വേഷണസംഘത്തിന് നൽകിയ മൊഴി. എന്നാൽ, പിന്നീട് അത്തരത്തിലൊരു മൊഴി നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടില്ലെന്നും ഗൺമാൻ മൊഴി മാറ്റുകയായിരുന്നു. ഇക്കാര്യങ്ങളും അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മൊഴിമാറ്റിയ ഗൺമാനെതിരെ നടപടിയെടുക്കുന്ന കാര്യം ഡിജിപിക്ക് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
The Special Investigation Team (SIT) has submitted its final report to the Kannur court stating that the charges against KSU activists in the alleged attack on former Health Minister Veena George at Kannur Railway Station cannot be sustained. The report states that the activists did not attack the minister and that the black flag protest does not constitute a criminal offence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |