കണ്ണൂർ: നഗരത്തിൽ എ.ടി.എം കൗണ്ടറിൽ കവർച്ചയ്ക്കെത്തിയ പ്രതി പിടിയിൽ. കൊൽക്കത്ത സ്വദേശി റയ്‌ഹാൻ അലി (26) ആണ് പിടിയിലായത്. കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്തെ മഠത്തിൽ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കനറ ബാങ്ക് കന്റോൺമെന്റ് ശാഖയ്ക്ക് സമീപമുള്ള എ.ടി.എം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.
ഇന്നലെ പുലർച്ചെ 2.54 ഓടെ കവർച്ചയ്ക്കെത്തിയ യുവാവ് എ.ടി.എം കൗണ്ടറിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. തൊപ്പി ധരിച്ച് ഷർട്ടും പാന്റുമിട്ട യുവാവ് കൗണ്ടറിനകത്തേക്ക് പ്രവേശിച്ച് കൗണ്ടറിന്റെ ബാറ്ററി സ്റ്റോറേജ് യൂണിറ്റിന്റെ സെക്യൂരിറ്റി ഡോർ ഇളക്കി മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. ഈ സമയം കനറാബാങ്കിന്റെ ഡൽഹിയിലെ ആസ്ഥാനത്ത് അലാറം മുഴങ്ങുകയും ബാങ്ക് അധികൃതർ കണ്ണൂരിലെ മാനേജറെ വിവരം അറിയിക്കുകയുമായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസും ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കഴിഞ്ഞ ദിവസം മറ്റൊരു പരാതിയിൽ ടൗൺ പൊലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നതായും പറയുന്നുണ്ട്. ബാങ്ക് മാനേജർ നിമൽ എബ്രഹാം കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ എ.ടി.എമ്മിനകത്ത് അതിക്രമിച്ച് കയറിയ പ്രതി സെക്യൂരിറ്റി ഡോർ തകർത്ത് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |