തളിപ്പറമ്പ്: ചരിത്രത്തിൽ ഇരുൾ മൂടിയ ആദിവാസി ഗോത്ര ജീവിതത്തിന്റെ ഭാഗമായ വാക്കുകൾ മലയാള ഭാഷയിലേക്ക് നിഘണ്ടു രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഗോത്ര ജനതയാണ് മാവിലരും മലവേട്ടുവരും. ഈ രണ്ട് ഗോത്ര ജനതയെയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നത്തിന്റെ ഫലമാണ് ഈ നിഘണ്ടുക്കൾ.
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. വി.ടി.വി മോഹനനും ഗോത്ര ജനതയുടെ എഴുത്തുകാരനായ ഒ.കെ പ്രഭാകരൻ വട്ടംതട്ടയും ചേർന്നാണ് നിഘണ്ടുക്കൾ തയ്യാറാക്കുന്നത്.കേരള ഭാഷ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഡോ. മോഹനന്റെ മലയാള ഭാഷാഭേദ നിഘണ്ടു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒ.കെ പ്രഭാകരൻ വട്ടംതട്ടയുടെ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട 'ഇയ്യാമ ജോവ്വ്' എന്ന പഠനഗ്രന്ഥം ഗോത്ര ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് വേണ്ടിയുള്ള ചരിത്രം വിവരിക്കുന്നു.
ഈ നിഘണ്ടുക്കൾ കൂടാതെ ആദിവാസി ഗോത്ര സമൂഹങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും വാമൊഴികളെ വരമൊഴിയിലേക്ക് എത്തിക്കുന്നതിനും പദസമ്പത്ത് അടുത്ത തലമുറകളിലേക്ക് എത്തിക്കുന്നതിനും അവരുടെ ജീവിതങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനും വേണ്ടിയുള്ള രണ്ട് പഠന ഗ്രന്ഥങ്ങൾ തയ്യാറാക്കാനുള്ള ഉദ്ദേശത്തിലാണ് ഇരുവരും.
60,000ത്തോളം ജനസംഖ്യ
ഏകദേശം 60,000ത്തോളം വരുന്ന ജനസംഖ്യയുള്ള സമുദായങ്ങളാണ് മാവിലരും മലവേട്ടുവരും. കണ്ണൂർ ജില്ലയിലേക്ക് കുടിയേറി പാർത്ത മാവിലരുടെയും മലവേട്ടുവരുടെയും വാക്കുകൾ മിക്കതും മലയാളത്തോട് ചേർന്നുനിൽക്കുന്നു. തനത് ജീവിതം പുലർത്തി വരുന്ന ആദി ഗോത്ര കുടുംബങ്ങൾ മാവ്ളവ് (അന്നം ഉത്പാദിപ്പിക്കുന്നവരുടെ ഭാഷ) സംസാരിക്കുന്നു.
മലവേട്ടുവരുടേത് മലവേട്ടുവൻ ഭാഷയാണ്. ചിലയിടങ്ങളിൽ മാവ്ളവ് എന്ന ഭാഷ മർക്കോളി, തുളു എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
അമ്മെ - അച്ഛൻ, അപ്പെ - അമ്മ
ജീവിതത്തിന്റെ സുഖദുഃഖങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് ജീവിക്കുന്ന ഈ ജനതയ്ക്കിടയിൽ സുഖമെന്നോ ദുഃഖമെന്നോ ഉള്ള മലയാളം വാക്കുകൾക്ക് സ്വന്തം വാക്കുകൾ നിലവിലില്ല. അച്ഛൻ എന്ന വാക്കിന് മാവ്ളവ് ഭാഷയിൽ അമ്മെയെന്നും അമ്മ എന്ന വാക്കിന് അപ്പെ എന്നും വിളിക്കുന്നു. ഭർത്താവ് മേരെയും ഭാര്യ മേർത്തിയും സഹോദരി മെഗ്തിയും അനുജൻ മെഗ്യെയും ആകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |