
തലശ്ശേരി: പുഴാതിക്ക് സമീപം പുല്ലൂപ്പിക്കടവ് ഉന്നതിയിലെ കെ. അജിത്ത്കുമാറിനെ (38) അടിച്ചുകൊന്ന കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി സി.ജെ. ഡെന്നിയാണ് ശിക്ഷ വിധിച്ചത്. പുഴാതി കൊറ്റാളി ശാദുലിപ്പള്ളി തഖ്വ പള്ളിക്കടുത്ത് താമസിക്കുന്ന വെള്ളുവക്കണ്ടി ഹൗസിൽ വി. നിയാസ് (30), എടക്കാട് ആറ്റടപ്പ നൂഞ്ഞിയൻ കാവിനടുത്ത മൊട്ടമ്മൽ ഹൗസിൽ നമിത്ത് ബാലകൃഷ്ണൻ (34), കൊറ്റാളി കോലോട്ടും ചാലിനടുത്ത പട്ടാൻ ഹൗസിൽ പി. മുകേഷ് (39), കൊറ്റാളി അത്താഴക്കുന്ന് അംബേദ്കർ ഉന്നതിയിലെ പനയൻ ഹൗസിൽ കെ. റെനീഷ് (38) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2015 ഒക്ടോബർ 19ന് വൈകിട്ട് 5.45നാണ് കേസിനാസ്പദമായ സംഭവം. പുല്ലൂപ്പിക്കടവ് ജെല്ലി കമ്പനിക്കടുത്ത പറമ്പിൽ വെച്ച് പരാതിക്കാരനായ കൊറ്റാളി സ്വദേശി ടി.കെ. നിസാമുദ്ദീനും കൊല്ലപ്പെട്ട അജിത്ത് കുമാറും സംസാരിച്ചു നിൽക്കുന്നതിനിടെ നിയാസിന്റെ നേതൃത്വത്തിൽ ആയുധങ്ങളുമായെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതികളുടെ മർദ്ദനമേറ്റ് അജിത്ത്കുമാർ കൊല്ലപ്പെടുകയും, നിസാമുദ്ദീനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗുരുതരമായി പരിക്കേറ്റ നിസാമുദ്ദീൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2016 ഒക്ടോബർ 13നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 52 സാക്ഷികളുണ്ടായിരുന്ന കേസിൽ 36 പേരെ കോടതി വിസ്തരിച്ചു. നിലവിൽ മറ്റൊരു മയക്കുമരുന്ന് കേസിൽ റിമാൻഡിലായ ഒന്നാം പ്രതി നിയാസിനെ ജയിലിൽ നിന്നാണ് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |