
പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയേണ്ട"
പയ്യന്നൂർ: പിണറായി വിജയന്റെ പ്രസംഗത്തിൽ ഭീഷണിയുണ്ടെന്ന വി.കുഞ്ഞികൃഷ്ണന്റെ പ്രചാരണം രാഷ്ട്രീയ സദാചാരത്തിന് ചേരാത്തതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഐ.മധുസൂദനൻ. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞികൃഷ്ണനെ പോലുള്ളവർക്ക് പിണറായിയെ കാണുമ്പോൾ ഭയം തോന്നുന്നതിന് തങ്ങളെ കുറ്റം പറയേണ്ട. ഇതുവരെ നിങ്ങൾ കണ്ടത് തോറ്റമാണെന്നും ഇനി കാണാൻ പോകുന്നത് തെയ്യമാണെന്ന് ഓർക്കണമെന്നും മധുസൂദനൻ മുന്നറിയിപ്പ് നൽകി.
ധനരാജിന്റെ രക്തസാക്ഷിത്വം വിറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിജയം നേടിയ ആൾ ജൂലായ്
11ന് രക്തസാക്ഷിദിന പരിപാടി നടക്കുന്ന സമയത്ത് തന്നെ ധനരാജിന്റെ കൊലയാളികളെന്ന് ആരോപിക്കപ്പെടുന്നവർക്കൊപ്പം തന്റെ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്തത് എത്ര നികൃഷ്ടമായ പ്രവൃത്തിയാണെന്ന് സി.പി.എം നേതാക്കൾ കുറ്രപ്പെടുത്തി. ധനരാജ് കൊല്ലപ്പെട്ടത് പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന കുഞ്ഞികൃഷ്ണൻ തനിക്കാഗ്രഹമുള്ള ഒരു സ്ഥാനം വേണമെന്ന് ഇതുവരെ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടുകയറി അഭിപ്രായം തേടും വോട്ടുകൾ തിരിച്ചുപിടിക്കും
പയ്യന്നൂർ മണ്ഡലത്തിൽ പാർട്ടിക്ക് നഷ്ടപ്പെട്ട വോട്ടുകൾ ഓരോന്നായി തിരിച്ചുപിടിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഓരോ വീടുകളിലും നേതാക്കളും പ്രവർത്തകരും നേരിട്ടെത്തി ജനാഅഭിപ്രായം സ്വരൂപിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും. പയ്യന്നൂരിന്റെ പ്രത്യേക രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരം ഒരു തിരുത്തൽ നടപടിയിലേക്ക് പാർട്ടി കടക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.പയ്യന്നൂർ നഗരസഭാ ചെയർമാൻ സരിൻ ശശി, അഡ്വ.പി.സന്തോഷ്, കെ.കെ.ഗംഗാധരൻ, എം.രാഘവൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രചാരവേല മുൻകൂട്ടിയറിഞ്ഞിരുന്നെങ്കിൽ സ്ഥാനാർത്ഥി മാറുമായിരുന്നു
പാർട്ടിക്കെതിരെ നിരന്തരമായി നടത്തിയ പ്രചാരവേലകൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ പുനഃപരിശോധന നടത്തുമായിരുന്നുവെന്നും മധുസൂദനൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് കുഞ്ഞികൃഷ്ണൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ ചിലരെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും ഇടയാക്കിയിട്ടുണ്ടെന്നും മധുസൂദനൻ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |