SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 AM IST

കുതിച്ചുയർന്ന് ഉള്ളി വില, അടുക്കളയിൽ പ്രതിസന്ധി

ulli
ഉള്ളി

നീലേശ്വരം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് അടുക്കളയെ പ്രതിസന്ധിയിലാക്കുന്നു. പ്രതിസന്ധി പരിഹരിക്കേണ്ട സർക്കാർ സംവിധാനങ്ങളാകട്ടെ നോക്കുകുത്തികളും.

ഓണക്കാലത്ത് കിറ്റും ഓണവിപണിയിൽ നിന്ന് കിട്ടിയ നിത്യോപയോഗ സാധനങ്ങളും തീർന്നതോടെയാണ് മലയാളികൾ വിലക്കയറ്റത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നത്. ഓണ വിപണി തീർന്നതോടെ വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടൽ നടക്കുന്നില്ല. നിലവിൽ സപ്ലൈകോയിൽ പല അവശ്യസാധനങ്ങളും ലഭ്യവുമല്ല.

സവാളയുടെയും ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ സവാളയ്ക്ക് കിലോയ്ക്ക് 30 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നിലവിൽ വിപണിയിൽ 60 മുതൽ 70 രൂപ വരെയാണ് വില. മൊത്തവ്യാപാരികൾ ചെറുകിട കച്ചവടക്കാർക്ക് സവാള നൽകുന്നത് കിലോയ്ക്ക് 55-60 രൂപയ്ക്കാണ്. ചില്ലറ വിപണിയിൽ വില 70 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. മുന്തിയ ഇനം ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 100 മുതൽ 120 രൂപ വരെയാണ് വില. ഒരാഴ്ച മുമ്പ് 50 രൂപയായിരുന്നു.

മഹാരാഷ്ടയിലെ പൂനെ, നാസിക് മേഖലകളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും സവാള എത്തുന്നത്. കർണാടകയിലെ ചില പ്രദേശങ്ങളിലും സവാള കൃഷിയുണ്ട്. വിളവെടുപ്പ് കാലത്തുണ്ടായ കനത്ത മഴയിൽ വലിയ തോതിൽ ഉള്ളി ചീഞ്ഞുപോയതും വിപണിയിലേക്കുള്ള വരവ് കുറഞ്ഞതുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിച്ചതും വില വർദ്ധനയ്ക്ക് കാരണമായതായി അവർ പറയുന്നു. മാവേലി, ത്രിവേണി തുടങ്ങിയ പൊതുവിതരണ സ്ഥാപനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങളിൽ സവാളയുടെ ലഭ്യത കുറഞ്ഞതും സാധാരണക്കാർക്ക് തിരിച്ചടിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മാവേലി, ത്രിവേണി ഉൾപ്പെടെയുള്ള പൊതുവിതരണകേന്ദ്രങ്ങളിലൂടെ സവാളയും ചെറിയ ഉള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.

നിത്യോപയോഗ സാധനങ്ങൾ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിനാൽ വിലക്കയറ്റം ഏറെയും ബാധിക്കുന്നത് കേരളീയരെയാണ്.

അരിക്കും പഞ്ചസാരയ്ക്കും @ 60

ഇതിനുപുറമെ പഞ്ചസാരയുടെ വിലയും ഉയർന്നിട്ടുണ്ട്. 45 ൽ നിന്നും 60 രൂപയായാണ് വർദ്ധിച്ചത്. പൊന്നി അരി 55 ൽ നിന്നും 60 ആയി ഉയർന്നു. മറ്റു ധാന്യങ്ങളുടെ വിലയിലും ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ സവാളയുടെ ചില്ലറ വില കിലോയ്ക്ക് 100 രൂപ കടന്നാലും അതിശയിക്കാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറുനാരങ്ങയ്ക്ക് കിലോവിന് 260 രൂപയോളമെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ONION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL