
തിരുവനന്തപുരം: സവാള വില കിലോയ്ക്ക് 65–70 രൂപയായി ഉയർന്ന സാഹചര്യത്തിൽ കിലോഗ്രാമിന് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്ന സംസ്ഥാനതല പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ.
മന്ത്രി ടി.സിദ്ദിഖ് പാളയം ഹോർട്ടികോർപ്പ് വിപണിയിൽ വിതരണത്തിന്റെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നിർവഹിച്ചു. വീട്ടമ്മ പ്രഭയ്ക്ക് സവാള നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. നാല് ലോഡ് സവാള വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി പുറപ്പെട്ടു. ഹോർട്ടികോർപ്പിന്റെ ഔട്ട്‌ലെറ്റുകൾക്ക് പുറമെ ആവശ്യമായ സ്ഥലങ്ങളിൽ മൊബൈൽ ഔട്ട്‌ലെറ്റ് വഴിയും സവാള വിതരണം ചെയ്യും. സപ്ലൈകോ വഴിയും വിതരണം നടത്താനുള്ള നടപടിയെടുത്തു.
കൃഷിവകുപ്പിന്റെയും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടൺ സവാള അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകമെത്തി. ഇതിൽ 10 ടൺ വടക്കൻ മലബാർ മേഖലയിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്. 30 ടൺ സവാള കൂടി ഇന്നെത്തും. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. വില സാധാരണ നിലയിലേക്കെത്തും വരെ വിപണി ഇടപെടൽ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് ഉൾപ്പെടെയുള്ളവ തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |