SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

പ്രചാരണം പോലെ വിലയിരുത്തലും: വാശി ബലാബലം

vote

കൊല്ലം: പ്രചാരണത്തിലേത് പോലെ പോളിംഗ് വിലയിരുത്തലിലും മുന്നണികൾക്ക് വാശി. ജനങ്ങളുടെ മനസ് പൂർണമായി മനസിലായിട്ടില്ലാത്തതിനാൽ ഊഹക്കണക്കിലാണ് മുന്നണികളുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ യു.ഡി.എഫും എൽ.ഡി.എഫും ഒരേ മണ്ഡലങ്ങളിൽ വിജയം അവകാശപ്പെടുന്നുണ്ട്. ചാത്തന്നൂരിൽ എൻ.ഡി.എയും എൽ.ഡി.എഫും യു.ഡി.എഫും ആത്മവിശ്വാസത്തിലാണ്.

കൊല്ലം

ആര് ജയിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. യു.ഡി.എഫ് 15000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുമ്പോൾ എൽ.ഡി.എഫ് 3000 വോട്ടിന്റെ ലീഡാണ് കണക്കുകൂട്ടുന്നത്. തദ്ദേശ തിര‌ഞ്ഞെടുപ്പി വിലയിരുത്തലിൽ വലിയ വിമർശനം നേരിട്ടതിനാൽ പെരുപ്പിച്ച കണക്കുകൾ നൽകരുതെന്ന് എൽ.ഡി.എഫ് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.എൻ.ഡി.എ 20000 മുതൽ 25000 വരെ വോട്ട് പ്രതീക്ഷിക്കുന്നു. ബി.ജെ.പി നേടുന്ന വോട്ട് കൊല്ലത്തെ ഫലത്തിൽ നിർണായകമാണ്.

ഇരവിപുരം

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് അവകാശപ്പെടുമ്പോഴും ഇത്തവണ കടുത്ത മത്സരം നേരിടേണ്ടി വന്നുവെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ യു.ഡി.എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. രണ്ട് കൂട്ടരും ചില ധ്രൂവീകരണങ്ങൾ നടന്നുവെന്ന വിശ്വാസത്തിലാണ്. ബി.ഡി.ജെ.എസ് നേടുന്ന വോട്ട് നിർണായകമാണ്.

ചാത്തന്നൂർ

ജില്ലയിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ്. എൻ.ഡി.എ ജയിക്കുമെന്ന പ്രചാരണം ആദ്യം തന്നെ രൂപപ്പെട്ടു. ഇടതുപക്ഷത്തിന് അടിത്തറയുള്ള സ്ഥലമായതിനാൽ 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സമാനമായ ഭൂരിപക്ഷത്തിലുള്ള വിജയം എൻ.ഡി.എ പ്രതീക്ഷിക്കുന്നു. അട്ടിമറി വിജയം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എൻ.ഡി.എ വിജയിച്ചാൽ അത് ചരിത്രമാകും.

ചടയമംഗലം

ജില്ലയിൽ ഇടതുപക്ഷത്തിന് വലിയ അടിത്തറയുള്ള പ്രദേശമാണെങ്കിലും എൽ.ഡി.എഫിന് പ്രചാരണഘട്ടത്തിൽ ഏറെ അദ്ധ്വാനിക്കേണ്ടി വന്നു. യു.ഡി.എഫ് ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്നു. വോട്ട് വലിയ തോതിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

പുനലൂർ

ജില്ലയിൽ എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഏറ്റവും ആത്മവിശ്വാസമുള്ള മണ്ഡലമാണ് പുനലൂർ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ തങ്ങൾക്ക് അനുകൂലമായ അടിയൊഴുക്കുണ്ടെന്നാണ് യു.ഡി.എഫിന്റെ അവകാശാവാദം. എൻ.ഡി.എ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

കൊട്ടാരക്കര

മന്ത്രി മണ്ഡലമെന്നതിന് പുറമേ കളം മാറിയവർ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ്. എൽ.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യു.ഡി.എഫും സമാനമായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ ഞെട്ടിക്കുന്ന മുന്നേറ്റം കൊട്ടാരക്കരയിൽ ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.

പത്തനാപുരം

യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ്. എൽ.ഡി.എഫ് വിജയം ഉറപ്പിക്കുമ്പോൾ ശക്തമായ തരംഗവും അടിയൊഴുക്കും തങ്ങൾക്ക് അനുകൂലമായി ഉണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നു. എൻ.ഡി.എ വോട്ട് വളർച്ച പ്രതീക്ഷിക്കുന്നു.

കുണ്ടറ

കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ തങ്ങളുടെ കണക്ക് പ്രകാരം മണ്ഡലം തിരികെ കിട്ടുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. ബി.ജെ.പി പഴയ വോട്ട് നിലയിലേക്കുള്ള മടക്കം പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ട് ഇവിടെ നിർണായകമാകും.

കുന്നത്തൂർ

ഇടത് സ്വഭാവമുള്ള മണ്ഡലമാണെങ്കിലും കണക്കുകൾ അട്ടിമറി വിജയം ഉറപ്പിക്കുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ കുന്നത്തൂരിന്റെ സ്വഭാവം പെട്ടെന്ന് മാറില്ലെന്നും പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് വിലയിരുത്തൽ. എൻ.ഡി.എ വോട്ട് വിഹിതത്തിൽ വർദ്ധനവ് കണക്കാക്കുന്നു.

കരുനാഗപ്പള്ളി

ത്രികോണ മത്സരമായിരുന്നെങ്കിലും കാൽ ലക്ഷത്തിലധികം ഭൂരിപക്ഷമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ വലിയ ഭൂരിപക്ഷമില്ലെങ്കിലും വിജയിക്കുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. എൻ.ഡി.എ ഇവിടെ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു.

ചവറ

ഷിബു ബേബിജോണിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ നാലായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. വോട്ടിൽ വലിയ വർദ്ധനവ് ബി.ജെ.പി പ്രതീക്ഷിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL