കൊല്ലം: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും മാതാപിതാക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ പ്രാക്കുളം സ്വദേശിയായ ആലുനിന്നവിളയിൽ വിശാഖാണ് (35) ആണ് പിടിയിലായത്. തൃക്കരുവ കാഞ്ഞാവെളി സ്വദേശി നാരായണനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
ജൂൺ 9ന് രാത്രി 10.45നായിരുന്നു സംഭവം. കാഞ്ഞാവെളിയിൽ നാരായണൻ നടത്തിവരുന്ന സ്റ്റേഷനറി കടയിൽ നിന്ന് പ്രതി കടമായി വാങ്ങിയ സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. ആയുധങ്ങളുമായെത്തിയ പ്രതി കടയുടമയെ അസഭ്യം പറയുകയും തള്ളിയിട്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന പാറക്കല്ല് ഉപയോഗിച്ച് മുഖത്തും മൂക്കിലും ഇടിച്ച് പരിക്കേൽപ്പിച്ചു. തടയാനെത്തിയ കടയുടമയുടെ അമ്മയെ മർദ്ദിക്കുകയും ചവിട്ടി താഴെയിടുകയും പിതാവിനെ വിറക് കഷണം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അറസ്റ്റിലായ വിശാഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പോക്‌സോ കേസ്, ആയുധ നിയമപ്രകാരമുള്ള കേസുകൾ തുടങ്ങി ഒൻപതിലധികം കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ വർഷം പ്രതിക്കെതിരെ കാപ്പാ നടപടി സ്വീകരിച്ചിരുന്നു. നിലവിൽ കാപ്പാ നിയമപ്രകാരമുള്ള തുടർനടപടികൾക്കായി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അഞ്ചാലുംമൂട് സി.ഐ അജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അർജുൻ, പ്രദീപ്കുമാർ, ജി.എ.എസ്.ഐ ഡെൽഫിൻ, സി.പി.ഒമാരായ ഷെഫീക്ക്, അംഷാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |